നോട്ടുകള്‍ നിരോധിച്ചതില്‍ രാജ്യത്ത് ജനങ്ങളുടെ പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടാണ് ജനങ്ങള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിക്കുന്നതെന്നും ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ പറഞ്ഞു.
അതേസമയം, കൈവശമുള്ള തുക മാറിയെടുക്കാന്‍ 2000 രൂപ പരിധി നിശ്ചയിച്ചതിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്ന നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയില്‍ ബോധിപ്പിച്ചത്. എന്നാല്‍, ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
കൂടാതെ, നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. നൂറുരൂപ നോട്ടുകള്‍ക്ക് എന്തു പറ്റിയെന്നും കൂടുതല്‍ 100 രൂപ നോട്ടുകള്‍ നിറയ്ക്കുന്നതിനായി എ ടി എമ്മുകള്‍ ക്രമീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.