കല്‍ക്കരിപ്പാടം ലേലം റെക്കോഡ് തകര്‍ത്തു, ഇതുവരെ ലഭിച്ചത് 80,000 കോടി രൂപ!
വ്യാഴം, 19 ഫെബ്രുവരി 2015 (14:04 IST)
അഴിമതിയുടെ പേരില്‍ രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കല്‍ക്കരിപ്പാടങ്ങള്‍ പൂനര്‍ ലേലം നടത്തുന്ന വകയില്‍ം ലേലത്തുക പ്രതീക്ഷിച്ചതിലും അധികം തുക നേടിത്തരുമെന്ന് ഉറപ്പായി. മധ്യപ്രദേശ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലായി ബുധാനാഴ്ചവരെ നടന്ന 12 ബ്ലോക്കുകളുടെ ലേലത്തില്‍മാത്രം ലഭിച്ചത് 80,000 കോടി രൂപയാണ്. ആകെ 204 ബ്ലോക്കുകളാണ് ലേലത്തിനുള്ളത്.
ഇപ്പോള്‍ തന്നെ ലേലത്തുക 80,000 കോടി കടന്നതോടെ സംസ്ഥാനങ്ങള്‍ക്ക് വരുമാനമായി ഏഴുലക്ഷം കോടി രൂപയിലധികം ലഭിച്ചേക്കും എന്നാണ് സൂചന. കനത്ത തുകകള്‍ക്കാണ് കമ്പനികള്‍ കല്‍ക്കരിപാടങ്ങള്‍ ലേലത്തില്‍ പിടിക്കുന്നത്. എസ്സാര്‍ പവര്‍, ജിഎംആര്‍ എനര്‍ജി, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ധരിവാള്‍ ഇന്‍ഫ്ര, അംബുജ സിമെന്റ്, ബാല്‍കോ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ വമ്പന്മാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.
ടോകിസുദ് നോര്‍ത്ത് ബ്ലോക്ക് ലേലത്തില്‍ പിടിച്ചത് എസ്സാര്‍ പവറാണ്. ടണ്ണിന് 1,110 രൂപയ്ക്കണ് ഇവര്‍ ലേലത്തില്‍ ഉറപ്പിച്ചത്. പ്രതിവര്‍ഷം 28 ലക്ഷം ടണ്‍ കല്‍ക്കരി ഇവിടെ നിന്ന് ശേഖരിക്കാന്‍ കഴിയും. ജിഎംആര്‍ എനര്‍ജി, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ധരിവാള്‍ ഇന്‍ഫ്ര തുടങ്ങിയ കമ്പനികളും അടുത്തടുത്ത ബ്ലോക്കുകള്‍ ലേലത്തില്‍ പിടിക്കാനുള്ള ശ്രമത്തിലാണ്. ഛത്തീസ്ഗഢിലെ ഗരേ പാല്‍മ കോള്‍ ബ്ലോക്ക് ലേലത്തില്‍ പോയത് ടണ്ണിന് 3,110 രൂപയ്ക്കാണ്. അംബുജ സിമെന്റ്, ബാല്‍കോ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് ലേലത്തിനുള്ളത്. ഉത്പാദനശേഷി പ്രകാരം 13,195 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുക.