കളിക്കുന്നതിനിടെ കാറില്‍ അകപ്പെട്ട നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ചണ്ഡീനഗര്‍ പ്രദേശത്ത് സിന്‍ഗൗലി താഗ എന്ന ഗ്രാമത്തിലാണ് ദാരുണസംഭവം. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് അഞ്ച് കുട്ടികള്‍ കളിക്കാനായി കയറിയത്. അനില്‍ ത്യാഗി എന്നയാളുടെ വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. കുട്ടികള്‍ കയറിയതോടെ കാറിന്റെ ഡോര്‍ ലോക്കായി. കുട്ടികള്‍ അതിനുള്ളില്‍ അകപ്പെട്ടു.
നിയതി (എട്ട് വയസ്), വന്ദന (നാല് വയസ്), അക്ഷയ് (നാല് വയസ്) കൃഷ്ണ (ഏഴ് വയസ്), ശിവാന്‍ഷ് (എട്ട് വയസ്) എന്നിവരാണ് കാറിനുള്ളില്‍ കളിക്കാന്‍ കയറിയത്. ഇതില്‍ ശിവാന്‍ഷ് മാത്രം രക്ഷപ്പെട്ടു. ബാക്കി കുട്ടികളെല്ലാം സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറുടമയെ പൊലീസ് ചോദ്യം ചെയ്യും.