തിഹാർ ജയിലില്‍ കഴിയുന്ന അധോലോക നായകൻ ഛോട്ടാ രാജനെ വധിക്കുമെന്ന് ഫോണ്‍ സന്ദേശം. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീലിന്റെ മൊബൈൽ ഫോണിൽ നിന്ന് ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ ഫോണിലേക്കും തുടര്‍ന്ന് ലാന്‍ഡ് ഫോണിലേക്കുമാണ് സന്ദേശം വന്നത്.
ജയിലിലെ നിയമ ഉദ്യോഗസ്ഥനായ സുനിൽ ഗുപ്‌തയ്‌ക്കാണ് അധോലോകത്തില്‍ ഫോണ്‍ കോള്‍ വന്നിരിക്കുന്നത്. എത്രസുരക്ഷയൊരുക്കിയാലും രാജനെ കൊല്ലുമെന്നും വേണമെങ്കില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പാടാക്കി കൊള്ളൂവെന്നും ഫോണ്‍ സന്ദേശത്തിലുണ്ട്.
ഛോട്ടാ രാജന്റെ അന്ത്യം അടുത്തു കഴിഞ്ഞു. എത്ര കാലം നിങ്ങൾ ഈ പന്നിയെ സംരക്ഷിക്കും. ഉടൻ തന്നെ അയാളെ ഞാൻ അവസാനിപ്പിക്കും എന്നായിരുന്നു ഹാജി ഛോട്ടാ ഷക്കീൽ എന്ന പേരിലെത്തിയ സന്ദേശത്തിന്റെ ഉള്ളടക്കം. ഇതിന് പിന്നാലെ ജയിലിലെ ലാൻഡ് ഫോണിലേക്കും സമാനമായ ഭീഷണി സന്ദേശം എത്തുകയായിരുന്നു.
ഇന്റർപോളിന്റെ റെഡ് കോർണർ പട്ടികയിലുണ്ടായിരുന്ന ഛോട്ടാ രാജനെ 27 വർഷത്തിന് ശേഷം ഇൻഡോനേഷ്യയിലെ ബാലിയിൽ നിന്ന് കഴിഞ്ഞ വർഷമാണ് അറസ്‌റ്റു ചെയ്തത്.