പ്രണയം പങ്കുവെക്കാനെത്തുന്നവര്‍, സായാഹ്‌നങ്ങളില്‍ സൊറ പറയാനെത്തുന്ന ചെറുസംഘങ്ങള്‍, അങ്ങിങ്ങായി പൊടിപൊടിക്കുന്നു കച്ചവടസംഘങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതായിരുന്നു ചെന്നൈയുടെ സ്വന്തം മെറീന ബീച്ച്. എന്നാല്‍, നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ചെന്നൈ വിഴുങ്ങിയതോടെ മെറീനയുടെ സൌന്ദര്യത്തിനും മങ്ങലേറ്റു. ചേറും ചെളിയും വെള്ളക്കെട്ടുകളും നിറഞ്ഞതോടെ മാലിന്യത്തിന്റെ കൂമ്പാരമായി മെറീന.
ലക്ഷക്കണക്കിനാളുകളാണ് മെറീനയില്‍ ദിവസവും എത്തിച്ചേരുന്നത്. ബീച്ച് സന്ദര്‍ശിക്കാനെത്തുന്നവര്‍, പതിവായെത്തുന്ന കമിതാക്കള്‍, കുട്ടികളുമായെത്തുന്ന കുടുംബങ്ങള്‍, വ്യായാമത്തിനും പതിവായി ഓടാനും ചാടാനുമെത്തുന്നവര്‍, കച്ചവടത്തിനായെത്തുന്ന നൂറ് കണക്കിന് സംഘങ്ങള്‍ ഇവയെല്ലാം ചേരുന്നതായിരുന്നു ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നായ മെറീന. എന്നാല്‍, ഇന്ന് കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞു. വെള്ളപ്പൊക്കം ചെന്നൈയെ വിഴുങ്ങിയപ്പോള്‍ സഞ്ചാരികളുടെ പ്രീയപ്പെട്ട മെറീനയും മലിനമായി.
ബീച്ചിന്റെ ഭൂരിഭാഗത്തും വെള്ളക്കെട്ട് പ്രത്യക്ഷമായി. ഇവിടെയെല്ലാം മാലിന്യങ്ങള്‍ വന്നടിഞ്ഞ അവസ്ഥയാണുള്ളത്. ചെളിയും ചേരും നിറഞ്ഞതിനാല്‍ ബീച്ചിലൂടെയുള്ള നടപ്പ് ബുദ്ധിമുട്ടായി. സമീപത്തെ സെപ്‌റ്റിക് ടാങ്കില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതിനാല്‍ ദുര്‍ഗന്ധവുമുണ്ട്. ഈ വെള്ളം വെള്ളക്കെട്ടുകളിലേക്ക് പടര്‍ന്നതിനാല്‍ സാംക്രമിക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം വളരെ കൂടുതലാണ്.
വെള്ളപ്പൊക്കം കച്ചവടക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. പലരും ഇതുവരെ കടകള്‍ തുറന്നിട്ടില്ല. കനത്ത മഴയില്‍ സാധനങ്ങള്‍ നശിച്ചു പോയതിനാല്‍ വന്‍ നഷ്‌ടമാണ് പലര്‍ക്കുമുണ്ടായത്. കടകളില്‍ സ്‌റ്റോക്ക് ചെയ്‌തിരുന്ന ഭക്ഷണ പതാര്‍ഥങ്ങള്‍ എല്ലാം നശിക്കുകയും ചെയ്‌തു. വെള്ളക്കെട്ടും മാലിന്യവുമുള്ളതിനാല്‍ പഴയ പോലെ ആളുകള്‍ ബീച്ചിലേക്ക് എത്താത്തതും ഇവര്‍ക്ക് തിരിച്ചടിയായി.
ഈ സാഹചര്യത്തില്‍ മെറീന പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്താന്‍ ദിവസങ്ങള്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. മാലിന്യം നീക്കം ചെയ്യാന്‍ കോര്‍പ്പറേഷന്‍ നീക്കം തുടങ്ങിയെങ്കിലും പ്രവര്‍ത്തനം വേഗത്തിലാകില്ല. ആവശ്യമായ ജീവനാക്കാരില്ലാത്തതും ഫണ്ടിന്റെ അപര്യാപ്‌തതയും കുറവായി തുടരുകയാണ്. ചെന്നൈ നഗരത്തിന്റെ ഭൂരിഭാഗവും മാലിന്യ കൂമ്പാരമായതിനാല്‍ പ്രവര്‍ത്തനം വൈകുമെന്ന് തീര്‍ച്ചയാണ്.