അഭിമാനനേട്ടം പകര്‍ന്ന് ചന്ദ്രയാന്‍ 3: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന ആദ്യരാജ്യമായി ഇന്ത്യ

ബുധന്‍, 23 ഓഗസ്റ്റ് 2023 (19:08 IST)
ഇന്ത്യക്കാരുടെ ചങ്കിടിപ്പിച്ചുകൊണ്ടുള്ള കാത്തിരിപ്പിന് വിരാമമിട്ട് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്തു. നാല് വര്‍ഷം മുന്‍പ് നടക്കാതെ പോയ സ്വപ്നമാണ് ഇതോടെ സാഫല്യത്തിലേക്കെത്തിയത്. അമേരിക്ക,സോവിയറ്റ് യൂണിയന്‍ ചൈന എന്നിവര്‍ക്കൊപ്പം ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യവും അതേസമയം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യവുമെന്ന നേട്ടം ഇതോടെ ഇന്ത്യ സ്വന്തമാക്കി.
 
2 ദിവസങ്ങള്‍ക്ക് മുന്‍പാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമായി ഇറങ്ങിയ ലൂണ 23 പാതിവഴിയില്‍ തകര്‍ന്ന് വീണത്. അവിടെയാണ് ഇന്ത്യ നെഞ്ചുയര്‍ത്തി അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്. 5:45ന് വിക്രം ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്കിറക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു.ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. വൈകീട്ട് 6:04 ഓടെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗ് നടത്തികൊണ്ട് ബഹിരാകാശലോകത്ത് വന്‍ ശക്തികള്‍ക്ക് ഇത് വരെയും സാധിക്കാത്ത നേട്ടം സ്വന്തമാക്കുകയായിരുന്നു.
 
കഴിഞ്ഞ ജൂലായ് 14ന് ഉച്ചകഴിഞ്ഞ് 2:35നാണ് ചന്ദ്രയാന്‍ 3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് മാര്‍ക്ക് 3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും വേര്‍പെടുത്തി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപടത്തിലെത്തിച്ചു. ഓഗസ്റ്റ് 17ന് മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ സ്വന്തമാക്കി. ഓഗസ്റ്റ് 20ന് പുലര്‍ച്ചെയാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍