Chandrayaan 3 Landing Count down: രാജ്യത്തിന്റെ അഭിമാനമാകാന്‍ ചന്ദ്രയാന്‍ 3. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 6.04 നാണ് ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക. ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ (വിക്രം) റോവറും (പ്രഗ്യാന്‍) ഉള്‍പ്പെടുന്ന ലാന്‍ഡിങ് മൊഡ്യുള്‍ ആണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തിനു സമീപം സ്പര്‍ശിക്കാനായി തയ്യാറെടുക്കുന്നത്. ചന്ദ്രയാന്റെ ലാന്‍ഡര്‍ ആയ വിക്രം ലാന്‍ഡിങ് നടത്തിയ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഓര്‍ബിറ്റല്‍ വഴി ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററിലേക്ക് എത്തുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്.
അതേസമയം ചന്ദ്രയാന്‍ 3 ദൗത്യത്തിനു ചില പ്രതിസന്ധികളേയും തരണം ചെയ്യേണ്ടി വന്നേക്കാം. ലാന്‍ഡിങ്ങിന് അനുയോജ്യമല്ലാത്ത കാലാവസ്ഥയാണെങ്കില്‍ വിക്രം ലാന്‍ഡിങ് നടത്തുകയില്ല. ലാന്‍ഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെന്ന് ലാന്‍ഡറിന് തോന്നിയാല്‍ ദൗത്യം ഓഗസ്റ്റ് 27 ലേക്ക് നീട്ടാനാണ് സാധ്യത. ചന്ദ്രോപരിതലത്തിലെ പൊടിയും മര്‍ദ്ദവും വിക്രത്തിന്റെ ലാന്‍ഡിങ്ങിനെ പ്രതികൂലമായി ബാധിച്ചേക്കും.