റിസര്‍വ് ബാങ്കിന്റെ അനുകൂല നടപടിയുണ്ടായിട്ടും വായ്പാ പലിശനിരക്കുകള്‍ കുറയ്ക്കാന്‍ തയാറാകാതിരുന്ന പൊതുമേഖലാ ബാങ്കുകള്‍ അടിസ്ഥാന വായ്പാനിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐ, ഐഡിബിഐ, ആക്‌സിസ് തുടങ്ങിയ ബാങ്കുകളാണ് നിരക്കു കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആര്‍ബിഐ ഇതിനകം രണ്ട് തവണയായി റിപ്പോ നിരക്കില്‍ 0.50ശതമാനം കുറവ് വരുത്തിയിരുന്നു. ഇതേതുടര്‍ന്ന് അടിസ്ഥാന നിരക്ക് കുറയ്ക്കാന്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുംമാത്രമാണ് തയ്യാറായത്. പലിശ കുറയ്ക്കാത്ത ബാങ്കുകളുടെ നടപടി വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടെ പണലഭ്യത കൂടിയതും വായ്പയ്ക്ക് ആവശ്യക്കാര്‍ കുറയുകയും ചെയ്തതൊടെയാണ് പലിശാ നിരക്കില്‍ കുറവ് വരുത്താന്‍ ബാങ്കുകള്‍ തീരുമാനിച്ചത്.
ഒരാഴ്ചയ്ക്കുള്ളില്‍ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കും. സ്വകാര്യ ബാങ്കുകളും പലിശ കുറയ്ക്കുമെന്നാണ് വിവരം. ജനവരി 15 മുതല്‍ ബാങ്കുകളുടെ അടിസ്ഥാനനിരക്ക് 10 ശതമാനമാണ്. അതേസമയം, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ അടിസ്ഥാന നിരക്കും 10 ശതമാനത്തിലാണ് തുടരുന്നത്.