തന്റെ മകളെയും ഭാര്യയേയും വലിച്ചിഴച്ചു കൊണ്ടു പോയി, വെള്ളം ചോദിച്ചപ്പോൾ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികൾക്ക് ശിക്ഷ നൽകിയില്ലെങ്കിൽ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് അക്രമത്തിന് ഇരയായവർ

ചൊവ്വ, 2 ഓഗസ്റ്റ് 2016 (11:20 IST)
ഉത്തർപ്രദേശിൽ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾക്ക് തക്കതായ ശിക്ഷ നൽകിയില്ലെങ്കിൽ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് അക്രമത്തിന് ഇരയായവർ. നീതി ലഭിക്കണമെന്ന് നോയിഡ പൊലീസിനോട് അഭ്യർത്ഥിക്കുന്നതായും അക്രമത്തിന് ഇരയായവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
 
'എന്റെ മകളോട് എന്തെല്ലാം ചെയ്തുവെന്ന് എനിക്ക് വിവരിക്കാൻ കഴിയില്ല. ഇരുമ്പ് പൊലെയുള്ള എന്തോ വസ്തുവിൽ വാഹനം തട്ടിയപ്പോൾ പുറത്തിറങ്ങിയ ഡ്രൈവറെ തോക്കു ചൂണ്ടിയാണ് അക്രമികൾ ചതുപ്പുസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. കാറിലുണ്ടായിരുന്ന ഞങ്ങൾ മൂന്ന് പുരുഷന്മാരേയും കെട്ടിയിട്ട് അവർ മർദ്ദിച്ചു. വെള്ളം ചോദിച്ചപ്പോഴും മർദ്ദിച്ചു കൊണ്ടേയിരുന്നു.' - പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
 
'എന്റെ മകളെയും ഭാര്യയേയും സഹോദരിയേയും മറ്റൊരു സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി. മണിക്കൂറുകൾ കഴിഞ്ഞാണ് അക്രമികൾ തിരികെ പോയത്. എന്റെ മകൾക്ക് കരാട്ടെ അറിയാം. എന്നാൽ തോക്കിന് മുന്നിൽ കരാട്ടെയ്ക്ക് എന്തു വിലയാളുള്ളത്. ഒടുവിൽ സുഹൃത്തിനെ വിവരമറിയിക്കുകയും അങ്ങനെ പൊലീസ് എത്തുകയുമായിരുന്നുവെന്ന് ഇയാൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
 
സ്വന്തം വീട്ടിലേക്ക് ഇനി പോകാനാകില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. നാട്ടുകാരെ ഫെയ്സ് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇപ്പോൾ അവിടെ നിന്ന് പോകാൻ അദ്ദേഹവും ആവശ്യപ്പെടുന്നു. എങ്ങോട്ട് പോകണമെന്ന് അറിഞ്ഞുകൂടാ.." അക്രമത്തിനിരയായ ടാക്സി ഡ്രൈവർ പറഞ്ഞു.
 
സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ രാം നായിക് വ്യക്തമാക്കിയിരുന്നു. ഇതുപോലുള്ള സംഭവം ഇനി സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന്  സര്‍ക്കാറിനോടും പൊലീസിനോടും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവ് ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികളില്‍ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി. സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെബ്ദുനിയ വായിക്കുക