രണ്ടു തവണ എം എല്‍ എ ആയി; പക്ഷേ, ഇപ്പോള്‍ താമസം വഴിയരികില്‍; അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിനാലാണ് തനിക്ക് ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നതെന്നും മുന്‍ എം എല്‍ എ

Webdunia
വ്യാഴം, 23 ജൂണ്‍ 2016 (14:48 IST)
രണ്ടുതവണ എം എല്‍ എ ആയിരുന്ന വ്യക്തി  ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുന്നത് വഴിയരികില്‍. 1992ലും 1997ലും എം എല്‍ എ ആയിരുന്നു ഷിങ്കാര റാം ഷഹുങ്ക്‌രയും കുടുംബവുമാണ് വഴിയരികില്‍ ജീവിതം തള്ളിനീക്കുന്നത്. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയിലെ ഗാര്‍ഹ്‌ഷങ്കറില്‍ നിന്നായിരുന്നു രണ്ടുതവണയും ഇദ്ദേഹം എം എല്‍ എ ആയത്. എന്നാല്‍, പിന്നീടുള്ള കാലം തല ചായ്ക്കാന്‍ ഒരു കൊച്ചുവീടു പോലും ഇവര്‍ ഉണ്ടാക്കിയില്ല.
 
ഒരു തവണയല്ല രണ്ടുതവണ ബി എസ് പി, എം എല്‍ എ ആയ ഇദ്ദേഹത്തിന് ഇതുവരെയും ഒരു വീടു പോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കുറേ കാലമായി ജലവിഭവ വകുപ്പിന്റെ വീട്ടില്‍ നിയമപരമല്ലാതെ കഴിഞ്ഞുവരികയായിരുന്നു ഇദ്ദേഹവും കുടുംബവും. എന്നാല്‍, സംസ്ഥാനസര്‍ക്കാര്‍ തന്നെ ഇവരെ ഇവിടെ നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് പോലെ സമ്പന്നമായ ഒരു സംസ്ഥാനത്ത് തനിക്കു വേണ്ടി ഒരു വീടു പണിയാന്‍ തയ്യാറാകാത്ത ഒരേയൊരു എം എല്‍ എ ആയിരിക്കും ഇദ്ദേഹം.
 
അതേസമയം, എം എല്‍ എ പെന്‍ഷനായി എല്ലാ മാസവും 20, 000 രൂ‍പ വീതം ലഭിക്കുന്നുണ്ട്. ആ തുക വെച്ച്  വാടകയ്ക്ക് ഒരു വീട് തരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, വാടകവീട് ശരിയാകുന്നതു വരെ തെരുവില്‍ തന്നെ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തെരുവില്‍ തന്നെയാണ് ഭക്ഷണവും പാചകം ചെയ്യുന്നത്. ഇപ്പോള്‍ താമസിക്കുന്നതിന് സമീപത്തുള്ളവരുടെ വീടുകളിലെ ശൌച്യാലയമാണ് ഇവര്‍ ഉപയോഗിക്കുന്നത്.
 
കാന്‍ഷി റാമിന്റെ ദര്‍ശനങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടാണ് രാഷ്‌ട്രീയത്തിലെത്തിയത്. താഴ്ന്ന ജാതിയിലുള്ളവരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു ലക്‌ഷ്യം. ഇതിനിടെ, രണ്ടു തവണ എം എല്‍ എ ആയെങ്കിലും ഒരിക്കല്‍ പോലും പണമുണ്ടാക്കാന്‍ ശ്രമിച്ചില്ല. അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിനാലാണ് തനിക്ക് ഈ ദിവസങ്ങളിലൂടെ കടന്നു പോകേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
 
എം എല്‍ എ ആയിരുന്ന കാലത്ത് തനിക്കു ലഭിച്ചിരുന്ന ശമ്പളം ഒരു വീടു പണിയാന്‍ തികയില്ലായിരുന്നു. ഇപ്പോള്‍ ചെലവുകള്‍ നടന്നുപോകുന്നത് തന്റെ പെന്‍ഷന്‍ തുക കൊണ്ടാണ്. ഒരിക്കലും ഒരു ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അതേസമയം, ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന കല്പണിക്കാരനായ മൂത്ത സഹോദരന്‍ വീടു വെച്ചിട്ടുണ്ട്. ഇളയസഹോദരന്‍ ഗ്രീസില്‍ ജോലി ചെയ്യുകയാണ്.
Next Article