ദിലീപിനെ തിരിച്ചെടുത്തത് കുറ്റങ്ങള്‍ക്ക് വെള്ള പൂശാനോ ?; അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ക്കെതിരെ ബൃന്ദ കാരാട്ട്
വ്യാഴം, 28 ജൂണ്‍ 2018 (16:54 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ഗുരുതരമായ കുറ്റങ്ങള്‍ക്ക് വെള്ള പൂശുന്ന നടപടിയാണ്. ഈ തീരുമാനം പുനഃപരിശോധിക്കണം. ഇക്കാര്യത്തില്‍ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണം. ഇവരില്‍ നിന്നും ജനങ്ങള്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
അക്രമിക്കപ്പെട്ട നടിക്കും സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ക്കുമൊപ്പം നില്‍ക്കുക എന്നതാണ് ഇടത് നിലപാട്. ഇത് മനസിലാക്കാന്‍ അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ക്ക് കഴിയണം. അവരുടെ നിലപാടുകളും അത്തരത്തിലായിരിക്കണമെന്നും ബൃന്ദ വ്യക്തമാക്കി.
പുരോഗമന നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന മലയാള സിനിമാ രംഗം പുരുഷമേധാവിത്ത നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ന്യൂസ് 18 കേരളയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ബൃന്ദ വ്യക്തമാക്കി.