ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം; ബോളിവുഡ് താരം രാജേഷ് വിവേക് അന്തരിച്ചു
വെള്ളി, 15 ജനുവരി 2016 (12:06 IST)
പ്രശസ്ത ബോളിവുഡ് താരം രാജേഷ് വിവേക്(66) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
'യെവാഡെ സുബ്രഹ്മണ്യം' എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അന്ത്യം. ഷൂട്ടിങ്ങിനായി ഇന്നലെയായിരുന്നു രാജേഷ് ഹൈദരാബാദിലെത്തിയത്.
1978ല്‍ ശ്യാം ബെനഗലിന്റെ ‘ജുനൂന്‍’ എന്ന ചിത്രത്തിലൂടെയാണ് രാജേഷ് വെള്ളിത്തിരയിലെത്തുന്നത്. ലഗാന്‍, സ്വദേശ് , വീരാണ, ജോഷില, ബണ്ഡി ഓര്‍ ബാബ്‌ലി, ഭൂത് അങ്കിള്‍, വാട്ട് ഈസ് യുവര്‍ രാശീ, അഗ്നീപത്, സണ്‍ ഓഫ് സര്‍ദാര്‍, തുടങ്ങിയ ചിത്രങ്ങളിലൂടെയും മഹാഭാരതം പരമ്പരയിലൂടേയും അഭിനയരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ രാജേഷിനു കഴിഞ്ഞു.
‘ലഗാനി’ല്‍ ഗുരാന്‍ എന്ന ജ്യോത്സ്യനായും ‘സ്വദേശി’ല്‍ പോസ്റ്റ്മാസ്റ്ററായും മികച്ച പ്രകടനമാണ് രാജേഷ് കാഴ്ച വെച്ചത്.
മഹാഭാരതത്തില്‍ വേദവ്യാസന്റെ വേഷം അവതരിപ്പിച്ച രാജേഷ് ഭാരത് എക് ഖോജ്, അഘോരി തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെയും തന്നിലെ പ്രതിഭയെ അടയാളപ്പെടുത്തി. നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ആസ്വാദക ഹൃദയം കീഴടക്കാന്‍ രാജേഷിനു കഴിഞ്ഞു.