മാഗിയുടെ പരസ്യം: താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബീഹാര്‍ കോടതി
മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍ , മാധുരി ദീക്ഷിത് , പ്രീതി സിന്റെ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബീഹാര്‍ കോടതി. ബിഹാറിലെ മുസാഫര്‍പൂര്‍ കോടതിയാണ് താരങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. മാഗി ന്യൂഡില്‍സിന്റെ നിര്‍മ്മാതാക്കളായ നെസ്ലെക്കെതിരെയും കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ഉത്തര്‍പ്രദേശിലെ ആഭ്യന്തര കോടതി താരങ്ങള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. മാഗി ന്യൂഡില്‍സില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡിന്റെ അംശം ഉത്തര്‍പ്രദേശ് ഭക്ഷ്യ നിയന്ത്രണ അതോറിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി സംസ്ഥാന വ്യാപകമായി മാഗിയുടെ സാമ്പളികള്‍ പരിശോധിച്ച് 2 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. മാഗി ന്യൂഡില്‍സിനെതിരായി വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ഫലം ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചിട്ടുണ്ട്.