കള്ളപ്പണം; കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലുള്ളത് മഞ്ഞുമലയുടെ തുമ്പുമാത്രം!

വ്യാഴം, 20 നവം‌ബര്‍ 2014 (15:07 IST)
വിദേശ രാ‍ജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് തുനിഞ്ഞിറങ്ങിയിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്ന പുതിയ വെളിപ്പെടുത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ കൈയ്യില്‍ ഉള്ളത് മഞ്ഞുമലയുടെ ഒരു തുമ്പുമാത്രമാണെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ ബാങ്കായ എച്ച്എസ്ബിസിയില്‍ ജോലിക്കാരനായിരുന്ന ഫ്രഞ്ച് പൌരന്‍ ഹെര്‍വെ ഫാല്‍ഷ്യാനിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

2011ല്‍ എച്ച്എസ്ബിസി ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പട്ടിക ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇതനുസരിച്ച് 600 ഇന്ത്യന്‍ പൌരന്‍മാരുടെ പേരുകളാണ് ഈ പട്ടികയിലുള്ളത്. എന്നാല്‍ മഞ്ഞുമലയുടെ ഒരു തുമ്പു മാത്രമാണ് ഇതെന്നാണ് ഫാല്‍ഷ്യാനി പറയുന്നത്.നിലവില്‍ ലഭ്യമായതിന്റെ 1000 മടങ്ങ് വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ അദ്ദേഹം സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇന്ത്യന്‍ അന്വേഷണ സംഘത്തിന് അറിവില്ലെന്നും ചൂണ്ടിക്കാട്ടി.

കള്ളപ്പണം കണ്ടെത്തുന്നതിന് ഇന്ത്യയുമായി സഹകരിക്കാനുള്ള തന്റെ സന്നദ്ധത അറിയിച്ച അദ്ദേഹം സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അവര്‍ നടത്തുന്ന ഷാഡോ ബാങ്കിങ്ങിനെക്കുറിച്ചും ആദ്യമേ അറിയേണ്ടതുണ്ട് എന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായമോ കൂടുതല്‍ വിവരങ്ങളോ നല്‍കാന്‍ ഞങ്ങള്‍ക്കാകും. എന്നാല്‍ തങ്ങളുടെ സഹായം വേണമോ എന്നു തീരുമാനിക്കേണ്ടത് ഇന്ത്യന്‍ അധികാരികളാണെന്നും അദ്ദേഹം പറഞ്ഞു.

ജനീവ ആസ്ഥാനമായുള്ള ബാങ്കില്‍ സിസ്റ്റംസ് എഞ്ചിനീയറായിരുന്ന ഫാല്‍ഷ്യാനി പിന്നീട് 1,27,000 അക്കൌണ്ടുകളുടെ വിശദവിവരങ്ങളുമായി മുങ്ങുകയായിരുന്നു. പിന്നീട് ഈ വിവരങ്ങള്‍ ഇദ്ദേഹം ഫ്രഞ്ച് സര്‍ക്കാരിന് ചോര്‍ത്തിക്കൊടുത്തു. ബാങ്കിന്റെ രഹസ്യവിവരം ചോര്‍ത്തിയതിനെ തുടര്‍ന്ന് ജയിലിലായ ഫാല്‍ഷ്യാനി ഇപ്പോള്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശദാംശങ്ങള്‍ കണ്ടെത്താന്‍ വിവിധ രാജ്യങ്ങളുമായി സഹകരിച്ചു വരികയാണ്. യുഎസ്, ഫ്രാന്‍സ്, സ്പെയിന്‍, ബെല്‍ജിയം മുതലായ രാജ്യങ്ങളെല്ലാം ഫാല്‍ഷ്യാനിയുടെ സഹായം തേടുന്നവരാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും   പിന്തുടരുക.

വെബ്ദുനിയ വായിക്കുക