തമിഴ്‌നാടിനെ വിഭജിക്കാൻ കേന്ദ്രനീക്കമെന്ന് റിപ്പോർട്ട്, കൊങ്കുനാട് കേന്ദ്രഭരണപ്രദേശമാകും

ഞായര്‍, 11 ജൂലൈ 2021 (06:08 IST)
തമിഴ്‌നാടിനെ രണ്ട് സംസ്ഥാനമായി വിഭജിക്കാൻ കേ‌ന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. എഐ‌‌ഡിഎംകെ ശക്തിപ്രദേശങ്ങളെ കൊങ്കുനാട് എന്ന പേരിൽ കേന്ദ്രഭരണപ്രദേശമാക്കാൻ നീക്കം നടക്കുന്നതായി ശനിയാഴ്‌ച്ചയാണ് ഒരു തമിഴ്‌പത്രം വാർത്ത പുറത്ത് വിട്ടത്. ഇതോടെ വിഷയം ട്വിറ്ററിൽ ചർച്ചയായി.
 
ഡിഎംകെയിൽ നിന്നുള്ള വെല്ലുവിളി ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് സൂചന. അതേസമയം ഇത്തരത്തിൽ ഒരു നീക്കം ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അധികാരമേറ്റശേഷം കേന്ദ്ര സർക്കാരിനെ ‘ഒൻട്രിയ അരശ്’ (യൂണിയൻ സർക്കാർ) എന്ന് വിളിക്കാൻ തുടങ്ങിയതുൾപ്പടെ പല വിഷയങ്ങളിലും ഡിഎംകെയുമായി ബിജെപിക്ക് ഭിന്നതയുണ്ട്.
 
അതേസമയം എ.ഐ.എ.ഡി.എം.കെ. കോട്ടയായി അറിയപ്പെടുന്ന മേഖലയാണ് കൊങ്കുനാട്. ഇവിടെ ബിജെപിക്കും സ്വാധീനമുണ്ട്. തമിഴ്‌നാട്ടിൽ ബിജെപിയും എഐ‌ഡിഎംകെയും തമ്മിൽ സഖ്യത്തിലാണ്. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുനാട് എന്നറിയപ്പെടുന്ന പ്രദേശത്തിന് കീഴിൽ നിലവിൽ പത്തു ലോക്‌സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾകൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കുകയാണ് കേന്ദ്രത്തിനെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.
 
2024 ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കി മാറ്റാനാണ് സാധ്യതയെന്നും വാർത്തയിലുണ്ട്. തമിഴ്‌നാട് വിഭജിക്കുന്ന വാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. അതേസമയം നീക്കത്തെ അനുകൂലിക്കുന്നവരും ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍