ഹരിയാനയില്‍ ചരിത്രം കുറിച്ച് ബിജെപി

ഞായര്‍, 19 ഒക്‌ടോബര്‍ 2014 (16:01 IST)
ഹരിയാനയില്‍  ചരിത്രം കുറിച്ച് ബിജെപി. വര്‍ഷങ്ങളായി രണ്ടാം കക്ഷിയായി നില്‍ക്കാന്‍ വിധിക്കപ്പെട്ട ബിജെപി ഇത്തവണ സഖ്യമില്ലാതെയാണ് തെരഞ്ഞെടുപ്പില്‍ തിളങ്ങുന്നതെന്നാണ് ഏറ്റവും ശ്രദ്ധേയം. 
 
ജനസ്വാധീനമുള്ള ഒരു നേതാവിനെ പോലും ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ ഹരിയാന ജനഹിത് കോണ്‍ഗ്രസ് ബിജെപിയെ കൈവിട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. 
 
മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്ണോയിയുടെ ഹരിയാന ജനഹിത് കോണ്‍ഗ്രസ് മൂന്നു വര്‍ഷമായുള്ള ബിജെപി സഖ്യം അവസാനിപ്പിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ്. 
 
ഹരിയാനയിലെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തി പ്രഭാവത്തിനും നിര്‍ണായ സ്വാധീനവുമുണ്ട്. വികസന നേട്ടങ്ങള്‍ വോട്ടായി മാറുമെന്ന് പ്രതീക്ഷിച്ച ഹൂഡയ്ക്കും കോണ്‍ഗ്രസിനേയും റോബര്‍ട്ട് വാധ്രയുടെ ഭൂമിയിടപാട് പ്രതികൂട്ടിലാക്കി. 
 
ഐഎന്‍എല്‍ഡിയുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൌട്ടാലയാകട്ടെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ചൌട്ടാല പ്രചാരണം നയിച്ചപ്പോള്‍ സഹതാപ തരംഗം വോട്ടാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കരുതിയത്. ഈ കണക്കുകൂട്ടലുകളും തെറ്റി. ജാതിരാഷ്ട്രീയം വാഴുന്ന ഹരിയാനയില്‍ ജാട്ടുകള്‍ ഐഎന്‍എല്‍ഡിക്കൊപ്പം നിന്നപ്പോള്‍ പിന്നാക്ക വിഭാഗങ്ങളും ദളിതരുടേയും പിന്തുണയാണ് ബിജെപിയെ ഈവമ്പന്‍ വിജയത്തിലേക്ക് നയിച്ചത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക