അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത് ഒരു ഗ്രാമം, അംഗണവാടി; ഒഴിവായത് വന്‍ അപകടം, വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് ഓടി വന്നതെന്ന് അംഗണവാടി ടീച്ചര്‍

ബുധന്‍, 8 ഡിസം‌ബര്‍ 2021 (16:22 IST)
ഊട്ടിക്കടുത്ത് കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മറ്റ് സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്ററാണ് കൂനൂരില്‍ തകര്‍ന്നുവീണത്. ഐഎഎഫ് എംഐ-17V5 എന്ന വ്യോമസേനാ ഹെലികോപ്റ്ററിലാണ് ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേര്‍ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബിപിന്‍ റാവത്ത് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ആണെന്നാണ് വിവരം. 
 
കനത്ത മൂടല്‍ മഞ്ഞാണ് ഹെലികോപ്റ്റര്‍ അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ താഴെ ഇറക്കാതെ വീണ്ടും പോകുകയായിരുന്നു. മരച്ചില്ലയില്‍ തട്ടി മുകളില്‍ വച്ച് തന്നെ ഹെലികോപ്റ്റര്‍ കത്തി തുടങ്ങിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഹെലികോപ്റ്ററിന്റെ രണ്ട് ചിറകുകളും തകര്‍ന്നു. ഹെലികോപ്റ്ററിന്റെ മുന്‍ഭാഗം കുത്തിയാണ് താഴേക്ക് പതിച്ചത്. 
 
ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഗ്രാമത്തിനു തൊട്ടടുത്താണ് അപകടമുണ്ടായത്. ആള്‍വാസമുള്ള സ്ഥലത്തേക്ക് ഹെലികോപ്റ്റര്‍ പതിച്ചിരുന്നെങ്കില്‍ അപകടം കൂടുതല്‍ ഗുരുതരമാകുമായിരുന്നു. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതിന്റെ തൊട്ടടുത്ത് ഒരു അംഗണവാടിയുണ്ട്. മുകളില്‍ വച്ച് തന്നെ എന്തോ പൊട്ടിത്തെറിക്കുന്നതിന്റെ ഭീകര ശബ്ദം കേട്ടാണ് താന്‍ പുറത്തേക്ക് ഓടിയെത്തിയതെന്ന് ഈ ടീച്ചര്‍ പറഞ്ഞു. അപ്പോഴേക്കും ഹെലികോപ്റ്റര്‍ താഴേക്ക് പതിച്ചിരുന്നു. ആര്‍ക്കും ഹെലികോപ്റ്ററിന് സമീപത്തേക്ക് അടുക്കാന്‍ സാധിച്ചിരുന്നില്ല. ഏതാണ്ട് ഒരു മണിക്കൂര്‍ നേരം തീ അണയ്ക്കാനായി ശ്രമം നടന്നെന്നും ഈ ടീച്ചര്‍ പറഞ്ഞു. 
 
അപകടം നടന്ന സ്ഥലത്തുനിന്ന് രണ്ട് പേരെ ജീവനോട് ആംബുലന്‍സില്‍ കയറ്റുന്നത് കണ്ടെന്നും അവര്‍ക്കൊന്നും വസ്ത്രങ്ങള്‍ പോലും ഇല്ലായിരുന്നെന്നും ഒരു ദൃക്സാക്ഷി പറഞ്ഞു. വസ്ത്രങ്ങളെല്ലാം കത്തി നശിച്ച് ഗുരുതരാവസ്ഥയിലാണ് ജീവനുള്ളവരെ ഹെലികോപ്റ്ററിനുള്ളില്‍ നിന്ന് കിട്ടിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍