ഭിന്ദ്രൻവാലയുടെ പോസ്റ്റർ വിവാദം, ജമ്മുവില്‍ സംഘര്‍ഷം, സിഖ് യുവാവ് കൊല്ലപ്പെട്ടു
വെള്ളി, 5 ജൂണ്‍ 2015 (13:57 IST)
ഖലിസ്ഥാൻ ഭീകരൻ ജർണെയ്ൽ സിങ് ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തതിൽ ഉണ്ടായ പ്രതിഷേധത്തില്‍ ഒരു സിഖ് യുവാവ് ജമ്മുവില്‍ കൊല്ലപ്പെട്ടു. ജമ്മു നഗരത്തിൽ സിഖ് യുവാക്കളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റയുവാവാണ് കൊല്ലപ്പെട്ടത്. യുവാവ് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. എന്നാല്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസ് വെടിവയ്പുണ്ടായിട്ടില്ല എന്നാണ് വിവരം. സംഭവത്തില്‍ മൂന്നു പൊലീസുകാരുൾപ്പെടെ ഏഴ് പേർക്കു പരുക്കേറ്റിട്ടുണ്ട്.
നാളെയാണ് ഭിന്ദ്രൻവാലയുടെ ചരമദിനം. ഭിന്ദ്രൻവാലയുടെ ഓർമ പുതുക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകൾ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് സിഖ് യുവാക്കൾ വടിയും കിർപനുമായി സത്‌വാരി - ആർ.എസ്. പുര റോഡിലെ റാണിബാഗ് - ഗാന്ധിഗഡിൽ തമ്പടിച്ച് ഗതാഗതം തടഞ്ഞു. ഇതാണ് സംഘർഷത്തിനു കാരണം. സത്‌വാരിയിലുള്ള ജമ്മു - പത്താൻകോട്ട് ദേശീയപാതയും ചിലർ തടയാൻ നോക്കി. ഇത് തടയാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
സംഘർഷമുണ്ടായ സത്‌വാരി, റാണിബംഘ്, ഛട്ട, ഗഡിഗഡ് മിറാൻസാഹിബ് തുടങ്ങിയ സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം യുവാവ കൊല്ലപ്പെട്ട ജമ്മു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജമ്മു മേഖലയിലെ നിരവധി ജില്ലകളിലുള്ള സ്കൂളുകളും കോളജുകളും വെള്ളി വരെ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. സ്ഥലത്ത് സൈന്യം ഇന്നലെ ഫ്ലാഗ് മാർച്ച് നടത്തി. മുൻകരുതലെന്ന നിലയിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.