ഭീമാ കൊറേഗാവ് കേസിൽ എന്ത് നടപടി സ്വീകരിക്കണം എന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ പോലീസുമായി അവലോകനയോഗം നടത്തി 24 മണിക്കൂർ തികയുന്നതിന് മുൻപാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. കേസിൽ അർബൻ നക്‌സലുകൾ എന്ന് മുദ്രകുത്തപ്പെട്ട് ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവർത്തകരെ മോചിപ്പിക്കാൻ ശിവസേനയുടെ കൂടി സമ്മതത്തോടെ ത്രികക്ഷി സർക്കാർ ധാരണയിലെത്തിയതിന്റെ പിന്നാലെയാണ് പുതിയ നീക്കം. സംസ്ഥാനത്തിന്‍റെ അനുവാദമില്ലാതെയുള്ള കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഘ് പ്രതികരിച്ചു.
2017 ഡിസംബർ 31 ന് പൂനെയ്ക്ക് സമീപം ഭീമാ കൊറേഗാവിലുണ്ടായ ദളിത് മറാത്താ കലാപത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. തുടക്കത്തിൽ ഹിന്ദു സംഘടനകളായ മിലിന്ദ് ഏക്ബൊടെ,സംഭാജി ബിഡെ എന്നിവയാണ് പ്രതിചേർക്കപ്പെട്ടതെങ്കിലും പിന്നീട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒന്‍പത് മനുഷ്യാവകാശ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.