വികസന കുതിച്ചു ചാട്ടമൊരുക്കുന്ന ഭാരത മാല റോഡ് പദ്ധതിയുമായി മോഡി
ബുധന്‍, 29 ഏപ്രില്‍ 2015 (16:20 IST)
ഇന്ത്യയുടെ അടിസ്ഥാന വികസനത്തില്‍ കുതിച്ചു ചാട്ടമൊരുക്കുന്ന സാഗര്‍ മാല പദ്ധതിന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിരോധ, വികസന മേഖലയില്‍ തന്ത്രപ്രധാനമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന വമ്പന്‍ റോഡ് നിര്‍മ്മാണ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. ഭാരത മാല എന്ന് പേരിട്ടിരിക്കുന്ന ഈ റോഡ് നിര്‍മ്മാണം പടിഞ്ഞാറ് ഗുജറാത്തിൽ നിന്ന് കിഴക്ക് മിസോറാം വരെയാണ് നിര്‍മ്മിക്കുക. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടിയും ഇന്ത്യാ പാക് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൂടിയും കടന്നുപോകുന്ന റോഡാണ് കേന്ദ്രം നിര്‍മ്മിക്കാന്‍ പോകുന്നത്.
വാജ്പേയി സർക്കാർ ആവിഷ്കരിച്ച സുവർണ ചത്വരത്തിന്റെ പിൻഗാമിയായാണ് ഭാരത മാല എത്തുന്നത് .റോഡ് ശൃംഖല മഷാരാഷ്ട്ര , ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന തീരദേശപാതയുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട് . ഈ വർഷം അവസാനത്തോടെ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത് . ഇതിനുവേണ്ടിയുള്ള വിശദമായ സർവേ കേന്ദ്രസർക്കാർ തുടങ്ങിക്കഴിഞ്ഞു.പ്രതിരോധപരമായും ഏറെ പ്രാധാന്യമുള്ള ഒരു പദ്ധതിയാണിത് . വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കാനും സൈന്യത്തിന് ദ്രുതഗതിയിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കാനും ഭാരതമാല ഉപയോഗപ്പെടും.
നല്ല റോഡ് ശൃംഖലകൾ എത്തുന്നതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് സാമ്പത്തികമായ അഭിവൃദ്ധിയും ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. പതിനായിരം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറന്‍ ഗുജറാത്തില്‍ നിന്ന് ആരംഭിക്കുന്ന പദ്ധതി പഞ്ചാബ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ട്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, സിക്കിം, അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി കടന്ന് മിസോറാമില്‍ അവസാനിക്കും. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യര്‍ത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മില്‍ ബന്ധിക്കാനാകും.
തുറമുഖങ്ങളും തീരദേശങ്ങളും ബന്ധിച്ചു കൊണ്ടുള്ള സ്വപ്ന പദ്ധതി സാഗരമാലയും കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. രണ്ട് പദ്ധതിയും പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവയേ രണ്ടിനേയും ബന്ധിപ്പിക്കുന്ന പാതകളും ഉണ്ടാകും. കൂടാതെ രാജ്യത്തിന്റെ പല സംസ്ഥാനങ്ങളും രണ്ടു പദ്ധതികളും പെടുമെന്നതിനാല്‍ അടിസ്ഥാന സൌകര്യ മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. കൂടാതെ ഈ രണ്ടു പാതകളേയും മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിക്കുന്ന പാതകളും ഭാവിയില്‍ ഉണ്ടാകുമെന്നതിനാല്‍ പ്രതിരോധം, വ്യാപാരം, ഗതാഗത സൌകര്യം എന്നീ മേഖലകള്‍ക്ക് വലിയ മുതല്‍കൂട്ടാവുകയും ചെയ്യും.