പശ്ചിമബംഗാളിലെ റാണാഘട്ടില്‍ മഠത്തിനുള്ളില്‍ വച്ച് 75 വയസുള്ള ക്യാസ്ത്രീ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് പിടികൂടി. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് രേത്തേ പുറത്തു വിട്ടിരുന്നു. എന്നാല്‍ അറസ്റ്റു രേഖപ്പെടുത്താത്തതിനാല്‍ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസില്‍ കലക്ടര്‍ പി.ബി. സലീം മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേസില്‍ എഡിജിപി ഇന്നലെത്തന്നെ സംഭവ സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കായിരുന്നു സംഭവം നടന്നത്. കോണ്‍വന്റില്‍ മോഷണത്തിനായെത്തിയ അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോള്‍ കന്യാസ്ത്രീ പീഡിപ്പിക്കപ്പെടുകയായിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോണ്‍വന്റിനോട് ചേര്‍ന്നുള്ള സ്കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവര്‍ന്നതായാണ് പോലീസ് അറിയിച്ചത്. പ്രതികളെ ഉടന്‍ പിടികൂടുന്നതിനായി മുഖ്യമന്ത്രി മമത ബാര്‍ജി സിഐഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.