പ്രതിഷേധം ഫലം കാണുന്നു; കശാപ്പ് നിയന്ത്രണത്തിലെ പരാതികള്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍

ഞായര്‍, 4 ജൂണ്‍ 2017 (12:59 IST)
പ്രതിഷേധം ശക്തമായി തുടരുന്നതിനാല്‍ കശാപ്പ്​ നിരോധന വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. വിജ്ഞാപനത്തില്‍ ഇളവ് വരുത്തി ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

വിജ്ഞാപനവുമായി ബന്ധപ്പെട്ട് ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണ്. പരാതികള്‍ പരിശോധിച്ച് നടപടി എടുക്കും. കശാപ്പിനോ ബീഫ് കഴിക്കുന്നതിനോ നിയന്ത്രണമില്ല. പരാതികൾ പരിഹരിച്ച്​ മുന്നോട്ട്​ പോകാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നും ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.

കന്നുകാലികൾക്കെതിരായ ക്രൂരതകൾ തടയുന്നതിനായാണ്​ വിജ്ഞാപനം പുറത്തിറിക്കിയത്​. എന്നാൽ വിജ്ഞാപനം ചില തെറ്റിദ്ധാരണകൾക്ക്​ കാരണമായി. പല സംസ്ഥാനങ്ങളിലും എതിര്‍പ്പുകള്‍ ശക്തമായി തുടരുകയാണെന്നും കേന്ദ്ര വനം പരിസ്ഥിതി കൂട്ടിച്ചേര്‍ത്തു.

കശാപ്പിനായുള്ള കാലി വില്‍പന നിരോധിച്ച് 2017 മേയ് 23നാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്ന് വൻ പ്രതിഷേധമാണ്​ രാജ്യത്താകമാനം ഉയര്‍ന്നത്.  കേരളമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായി പ്രതിഷേധിച്ചത്. 

വെബ്ദുനിയ വായിക്കുക