ബീഫ് കഴിച്ചെന്ന് ആരോപിച്ച് മലയാളി വിദ്യാർഥികൾക്ക് ബംഗളുരുവില്‍ മർദ്ദനം; ഒരാളുടെ നില ഗുരുതരം
ശനി, 27 ഫെബ്രുവരി 2016 (14:54 IST)
ബംഗളുരുവിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മൂന്ന് മലയാളി വിദ്യാർഥികൾക്ക് മർദ്ദനം. വൃന്ദാവന്‍ കോളജ് വിദ്യാര്‍ഥികളായ മര്‍വിന്‍ മൈക്കിള്‍ ജോയ്, നിഖില്‍, മുഹമ്മദ് ഹഷീര്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മര്‍വിന്‍ മൈക്കിള്‍ ജോയിയെ നിംഹാന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഫ് കഴിച്ചതിന്റെ പേരിലാണ് അവർ തങ്ങളെ മർദിച്ചതെന്നാരോപിച്ച് വിദ്യാർഥികൾ പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബംഗളുരു സഞ്ജയ് നഗറിലെ ബൂപാസപദ്രയില്‍ ഇന്നു രാവിലെയായിരുന്നു സംഭവം. മര്‍വിനെ ആദ്യം ബൗറിംഗ് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ നിംഹാന്‍സിലേക്കു മാറ്റുകയായിരുന്നു. അക്രമികള്‍ മൂവരെയും മര്‍ദ്ദിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.
വിദ്യാര്‍ഥികള്‍ വാടക്യ്‌ക്ക് താമസിക്കുന്നതിനടുത്തായി ഒരു അമ്പലമുണ്ട്. അതിനാൽ ഇവിടെ ഗോമാംസം പാചകം ചെയ്യരുതെന്നു സമീപവാസികള്‍ ഇവരോട് പറഞ്ഞിരുന്നുവെന്നും ഇതു അവഗണിച്ച് പാചകം ചെയ്‌തതിനെ തുടര്‍ന്നാണ് വിദ്യാർഥികളെ മർദിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം, കഴിഞ്ഞ കുറച്ചു ദിവസമായി ബംഗളുരുവില്‍ പലയിടങ്ങളിലും മലയാളികളെ തെരഞ്ഞുപിടിച്ച് ആക്രമണം നടക്കുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നുണ്ട്.