പോത്തിനെയും കൊല്ലരുത്; മുഴുവൻ അറവുശാലകളും പൂട്ടിക്കും- ഹിന്ദു മഹാസഭ
വെള്ളി, 30 ഒക്‌ടോബര്‍ 2015 (13:59 IST)
പശുവിനൊപ്പം പോത്തിനെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. പശു, കാള, പോത്ത്, എരുമ എന്നിവയെല്ലാം ഒരേ ഗണത്തിൽപ്പെടുന്നതാണ്. അതിനാല്‍ പോത്തിനെയും കൊല്ലരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഗോരക്ഷ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം നവംബര്‍ 22ന് ജാര്‍ഖണ്ഡില്‍ ആരംഭിക്കും. ഹിന്ദുമഹാസഭയും രാഷ്ട്രീയ ഗോരക്ഷാ സംഘും വ്യാഴാഴ്ച ഡല്‍ഹിയില്‍ നടത്തിയ സംയുക്തയോഗത്തിലാണ് തീരുമാനം.
രണ്ടു ഘട്ടങ്ങളിലായാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. ആദ്യം ‘കൈ കൂപ്പും’ പിന്നെ ‘കൈ ഒടിക്കും’ എന്ന സമരപരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ദിവസവും ഒന്നോ രണ്ടോ അറവുശാലകളിലെങ്കിലും പോയി പശുക്കളെ കൊല്ലരുതെന്ന് ‘കൈകൂപ്പി’ അഭ്യർഥിക്കും. നടന്നില്ലെങ്കിൽ രണ്ടാംഘട്ടമാണ് ‘കൈയെടുക്കൽ’ എന്നും നേതാക്കൾ അറിയിച്ചു. ആദ്യഘട്ടത്തിന് സ്വാമി ജനാർദൻദേവും രണ്ടാംഘട്ടത്തിന് ജഗദ്ഗുരു കൃഷൻദേവാനന്ദ് ഗിരിജി മഹാരാജും നേതൃത്വം നൽകും.
ഗോവധ നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരണമെന്ന് ഹിന്ദു മഹാസഭാ ദേശീയഅധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞു. കേന്ദ്രനിയമമില്ലാത്തത് ഗോവധം നടത്തുന്നവര്‍ക്ക് രക്ഷയാവുകയാണ്. അതിനാല്‍ സമ്പൂര്‍ണ ഗോവധ നിരോധനത്തിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ഗോവധ നിരോധന നിയമം പാസാക്കണമെന്നും അവര്‍ പറഞ്ഞു.