മഹാരാഷ്‌ട്രയിലെ ബുല്‍ധാനയില്‍ 12 ആദിവാസി പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി. ബുല്‍ധാന ജില്ലയിലെ നിനാദി ആഷ്രം സ്കൂളിലെ ആദിവാസി വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് ഇരയായത്.
സ്കൂളിലെ പ്രധാനധ്യാപകനും അധ്യാപകരുമാണ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചത്. സംഭവത്തെക്കുറിച്ച് പ്രത്യേകാന്വേഷണ സംഘം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
പന്ത്രണ്ട് വയസ്സിനും പതിനാലു വയസ്സിനും ഇടയിലുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ദീപാവലിക്ക് വിദ്യാര്‍ത്ഥിനികള്‍ വീടുകളില്‍ ചെന്നപ്പോഴാണ് പീഡനവിവരം വീട്ടുകാരും പുറംലോകവും അറിയുന്നത്. ഇതില്‍ തന്നെ മൂന്നു കുട്ടികള്‍ വയറുവേദനയെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയരായിരുന്നു. അപ്പോഴാണ്, ഇവര്‍ ഗര്‍ഭിണികള്‍ ആണെന്ന് വീട്ടുകാര്‍ അറിഞ്ഞത്. മറ്റ് കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
ഗര്‍ഭിണികളായ മൂന്നു പെണ്‍കുട്ടികളും ദീപാവലി അവധിക്ക് വീട്ടിലെത്തിയതിനു ശേഷം വീടിന്റെ ഒരു മൂലയില്‍ മൌനമായി ഇരിക്കുകയായിരുന്നു. തുടര്‍ന്ന്, വീട്ടുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്. ജല്‍ഗാവോന്‍ ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഈ കുട്ടികള്‍.
ദീപാവലി ആഘോഷിക്കാന്‍ എത്തിയ മറ്റു കുട്ടികള്‍ ആഘോഷങ്ങളുമായി നടക്കുമ്പോള്‍ ഈ മൂന്നു പെണ്‍കുട്ടികളും ഒതുങ്ങിക്കൂടുകയായിരുന്നു. തുടര്‍ന്ന്, എന്തു പറ്റിയെന്ന് അന്വേഷിച്ചപ്പോള്‍ ശക്തമായ വയറുവേദനയുണ്ടെന്നും വയറ്റിനുള്ളില്‍ ഭാരമുള്ള എന്തോ ഉള്ളതുപോലെ തോന്നുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയും കുട്ടികള്‍ ഗര്‍ഭിണികളാണെന്ന് മനസ്സിലാക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 11 അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ 12 പെണ്‍കുട്ടികളെയും അകോല ജില്ലയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അയച്ചു. പെണ്‍കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ഒരു വനിത സൂപ്രണ്ട് പോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.