ബാര്‍കോഴ വിഷയത്തില്‍ മാണിക്കും ബാബുവിനും രണ്ടു നീതിയെന്ന് പി ജെ കുര്യന്‍

വ്യാഴം, 12 നവം‌ബര്‍ 2015 (18:23 IST)
ബാര്‍കോഴ വിഷയത്തില്‍ ധനമന്ത്രി കെ എം മാണിക്കും എക്സൈസ് മന്ത്രി കെ ബാബുവിനും രണ്ടു നീതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ ഉപാധ്യക്ഷനുമായ പി ജെ കുര്യന്‍. കെ പി സി സി നിര്‍വ്വാഹക സമിതി യോഗത്തിലായിരുന്നു കുര്യന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
 
ഒരേ മന്ത്രിസഭയിൽ രണ്ടു മന്ത്രിമാർക്ക് രണ്ടു നീതിയെന്നത് ശരിയായില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാര്‍കോഴ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
 
കോണ്‍ഗ്രസിന് ബി ജെ പിയോട് മൃദുസമീപനമാണെന്ന് കെ സി വേണുഗോപാലും ടി എന്‍ പ്രതാപനും യോഗത്തില്‍ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി, ബീഫ് വിഷയങ്ങളില്‍ നേതാക്കള്‍ ശക്തമായ നിലപാട് എടുത്തില്ലെന്നും ഇത് മതേതര വോട്ടുകള്‍ നഷ്‌ടപ്പെടാന്‍ കാരണമായെന്നും അവര്‍ പറഞ്ഞു.
 
ഗ്രൂപ്പ് താൽപര്യങ്ങൾക്ക് അനുസരിച്ചായിരുന്നു സ്ഥാനാർഥി നിർണയമെന്നും ഗ്രൂപ്പുകള്‍ക്ക് വേണ്ടി പാര്‍ട്ടി പുനസംഘടന പോലും മാറ്റിവെച്ചുവെന്നും ടി എന്‍ പ്രതാപന്‍ വിമര്‍ശിച്ചു.

വെബ്ദുനിയ വായിക്കുക