രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ടെന്ന് സുപ്രീംകോടതി. സംവരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും ബാങ്കുകളുമാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
പട്ടിക വിഭാഗങ്ങൾക്ക് സംവരണം വേണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവ് ശരിവെച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി. പട്ടിക ജാതി - വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് പൊതുമേഖല ബാങ്കുകളിൽ സ്ഥാനക്കയറ്റം അനുവദിക്കാൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് എ കെ സിക്രിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
സംവരണം ഏർപ്പെടുത്തിയാൽ അത് ഏതുതലം വരെ വേണമെന്നുള്ളത് ബന്ധപ്പെട്ടവർക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൊതുമേഖല ബാങ്കുകളിൽ ഗ്രേഡ് ഒന്ന് മുതൽ ആറ് വരെയുള്ള പദവികളിൽ പട്ടിക വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.