ഫേസ്‌ബുക്കിലൂടെയുള്ള പരിചയം; നഷ്‌ടമായത് ജീവിച്ചു കൊതി തീരാത്ത സ്വന്തം ജീവിതം

വെള്ളി, 22 ജനുവരി 2016 (16:27 IST)
ഫേസ്‌ബുക്കിലൂടെ അവര്‍ തമ്മില്‍ പരിചയപ്പെട്ടിട്ട് വെറും പത്തൊമ്പതു ദിവസങ്ങൾ മാത്രം. ഈ പരിചയത്തിലൂടെ അവൾക്കു നഷ്ടമായത് സ്വന്തം ജീവിതം. ബംഗളൂരുവിലെ ഐ ബി എമ്മില്‍ ജീവനക്കാരിയായിരുന്ന കുസുമ റാണിയെന്ന യുവതിയെയാണ് പേന കൊണ്ട് കുത്തിയും ലാപ്ടോപ്പ് കോഡ് കഴുത്തിൽ കുരുക്കിയും സുഹൃത്ത് കൊലപ്പെടുത്തിയത്. ഈ സംഭവുമായി ബന്ധപ്പെട്ട് യാഹുവിൽ എഞ്ചിനിയറായ സുഖ്ബീർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഡിസംബർ 31 നായിരുന്നു കുസുമ റാണിയും സുഖ്ബീർ സിങ്ങും തമ്മിൽ ഫേസ്‌ബുക്കിലൂടെ പരിചയത്തിലായത്. നിരന്തരമായുള്ള ചാറ്റിങ്ങിലൂടെ ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഫോൺ നമ്പർ പരസ്പരം കൈമാറുകയും ചെയ്തു. പിന്നീട് ഫോണിലൂടെയും രണ്ടുപേരും നിരന്തരം  ബന്ധം പുലർത്തിവന്നിരുന്നു. തുടർന്ന് കഴിഞ്ഞ 19ന് ബംഗളൂരുവിലെത്തിയ സുഖ്ബീർ, കുസുമയോട് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിനു മുമ്പ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പിലൂടെ അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുള്ള കുസുമ, സുഖ്ബീറിനു പണം നൽകാൻ തയാറായില്ല.

തുടർന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. തനിക്ക് വിമാനടിക്കറ്റിനു ചെലവായ പണമെങ്കിലും നൽകണമെന്ന് സുഖ്ബീർ ആവശ്യപ്പെട്ടു. ഇതും സാധിക്കില്ലെന്ന് കുസുമ അറിയിച്ചു. ഇതിനെ തുടർന്ന് ഇയാൾ കുസുമയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുസുമയുടെ ക്രെഡിറ്റ് കാർഡും മൊബൈൽ ഫോണുമടക്കം എല്ലാം കൈക്കലാക്കിയ ശേഷം സുഖ്ബീർ രക്ഷപ്പെടുകയായിരുന്നു. ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബംഗളൂരുവിൽ നിന്ന് 10,000 രൂപയും ഡൽഹിയിൽനിന്ന് 30,000 രൂപയും ഇയാൾ പിൻവലിച്ചിരുന്നു.

ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് സുഖ്ബീർ സിങ്ങിനെ ഡൽഹിയിലെ ഗുഡ്ഗാവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ഐബിഎമ്മിൽ ജോലി ചെയ്യുകയായിരുന്ന കുസുമ റാണി ആറുമാസം മുമ്പായിരുന്നു ബംഗളൂരുവിലെത്തിയത്.

വെബ്ദുനിയ വായിക്കുക