ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് ഇന്നു പരിഗണിക്കാനെടുത്തെങ്കിലും സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു യു ലളിത് പിന്‍മാറിയതിനെത്തുടർന്ന് മാറ്റിവെച്ചു. ഇതോടെ ബെഞ്ച് പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കേസ് ഈ മാസം 29ലേക്ക് മാറ്റി.
വിഷയത്തിൽ കല്യാണ്‍ സിങ്ങിനു വേണ്ടി നേരത്തേ ലളിത് ഹാജരായിട്ടുണ്ടെന്ന് അഭിഭാഷകനായ രാജീവ് ധവാൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണു ജസ്റ്റിസ് യു യു ലളിതിന്റെ പിന്മാറ്റം. ഭരണഘടന ബെഞ്ചിന്‍റെ പരിഗണനാ വിഷയങ്ങളും അന്തിമവാദ തീയതിയും 29ന് തീരുമാനിക്കും.
രാവിലെ 10.30നാണ് ബാബരി ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. ഇന്ന് തന്നെ വിശദവാദത്തിന് തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ വ്യക്തമാക്കി. ഇന്ന് വാദമില്ലെന്നും വിശദ വാദത്തിന്‍റെ തീയതി കുറിക്കുക മാത്രമാണ് ചെയ്യുക എന്നും ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. ശേഷമാണ് ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസ് യു.യു ലളിത് ഉള്ള കാര്യം രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയതാണു ഭരണഘടനാ ബെഞ്ച്. മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷൻ, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഒഴിവാക്കി. ദീപക് മിശ്ര വിരമിക്കുകയും ചെയ്തു.