ഡൽഹി: ഇന്ത്യയിൽ മൂന്നുപേർക്ക് കൊവിഡ് രണ്ടാമതും ബാധിച്ചിട്ടുണ്ടെന്ന് ഐസിഎംആർ. മുംബൈയിൽനിന്നുമുള്ള രണ്ടുപേരും, അഹമ്മദാബാദിൽനിന്നുമുള്ള ഒരാളും കൊവിഡ് ഭേദമായ ശേഷവും വീണ്ടും രോഗബാധിതരായിട്ടുണ്ട് എന്ന് ഐസിഎംആർ തലവൻ ബൽറാം ഭാർഗവ വ്യക്തമാക്കി. കൊവിഡിനെ അതിജീവിച്ചവർക്ക് എത്ര ദിവസങ്ങൾക്ക് ശേഷം വീണ്ടും രോഗം ബാധിയ്ക്കാനുള്ള സാധ്യതയുണ്ട് എന്നകാര്യത്തിൽ ഗവേഷകർക്ക് കൃത്യായ നിഗമനത്തിൽ എത്താൻ സാധിച്ചിട്ടില്ല എന്നും ബൽറാം ഭാർഗവ വ്യക്തമാക്കി.
'കൊവിഡ് ബാധിച്ചവരിൽ അന്റിബോഡി വികസിയ്ക്കും. അത് രോഗത്തെ ചെറുക്കാൻ സഹായിയ്ക്കുകയും ചെയ്യും. എന്നാൽ ഈ ആന്റിബോഡികൾക്ക് ആയുസ് കുറവാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. 90 ദിവസം മുതൽ 100 ദിവസം വരെയാണ് ആന്റീബോഡിയ്ക്ക് ആയുസ് കണക്കാക്കപ്പെടുന്നത്. എന്നാൽ ലോകാരോഗ്യ സംഘടന ഇക്കാര്യത്തിൽ കൃത്യമായ നിഗമനത്തിൽ എത്തിയിട്ടില്ല.' ബൽറാം ഭാർഗവ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച ലോകത്താകമാനം 24 ഓളം പേർക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.