ആശാറാം ബാപ്പുവിന്റെ സഹായി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ചൊവ്വ, 29 ജൂലൈ 2014 (11:49 IST)
വിവാ‍ദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ സഹായി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. ആശാറാമിന്റെ ചിന്ദ്‌വാര ആശ്രമത്തിലെ നീല്‍ക്കാന്ദി സ്വദേശിയായ പാട്ടിരാം ദഹാരിയ (35) യാണ് മരിച്ചത്.
 
ഞായറാഴ്ച രാത്രി പതിവ്‌ പ്രാര്‍ഥനയ്ക്ക് ശേഷം മുറിയിലേക്ക്‌ ഉറങ്ങാന്‍ പോയ പാട്ടിരാമിനെ വിഷ ബാധയേല്‍ക്കുയായിരുന്നുവെന്നാണ് ആശ്രമത്തിന് വിശദീകരണം. പാമ്പ്‌ കടിയേറ്റ പാട്ടിരാമിന് ആദ്യം പച്ചില ചികിത്സ നല്‍കിയെങ്കിലും നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വച്ചാണ് പാട്ടിരാം മരിച്ചത്.
 
കഴിഞ്ഞ 12 വര്‍ഷമായി ആശ്രമത്തിലെ അന്തേവാസിയായ പാട്ടിരാമിന് ആശ്രമത്തിലെ നിരവധി രഹസ്യങ്ങള്‍ അറിയാമായിരുന്നുവെന്ന് പറയപ്പെടുന്നു. പാട്ടിരാമിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പാമ്പ്‌ കടിയേറ്റ സ്ഥാനത്തെപ്പറ്റിയും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
2008 ല്‍ ഇതേ ആശ്രമത്തിലെ കുളിമുറിയില്‍ നാലരവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക