‘മഹാത്മാഗാന്ധിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ അരുന്ധതി റോയി മാപ്പ് പറയണം’

ശനി, 2 ഓഗസ്റ്റ് 2014 (16:26 IST)
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയ്‌ക്കെതിരെ എഴുത്തുകാരി അരുന്ധതി റോയി നടത്തിയ പരാമര്‍ശം അപലപനീയമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരാമര്‍ശത്തില്‍ അരുന്ധതി റോയി മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പരാതി ഡിജിപിക്ക് കൈമാറി. 
 
ഗാന്ധിജിയുടെ യശസിന് കളങ്കമേല്‍പിച്ചു എന്ന കുറ്റമാരോപിച്ചാണ് അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. കേസിന്റെ സാധ്യതകളാരായുന്നതിനായി അരുന്ധതിയുടെ പ്രസംഗത്തിന്റെ വീഡിയോയും ശബ്ദരേഖയും പൊലിസ് ശേഖരിച്ചു.
 
 കഴിഞ്ഞ മാസം 17ന് കേരള സര്‍വകലാശാല ചരിത്ര വിഭാഗം സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ പ്രഭാഷണത്തില്‍ അരുന്ധതി റോയ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ജാതീയതയുടെ വക്താവായിരുന്നു, ജാതിയതയ്‌ക്കെതിരെ പോരാടിയ അയ്യങ്കാളിയെ പോലുളളവരുടെ കീര്‍ത്തി കേരളത്തിന് പുറത്തേക്ക് വളരാതിരുന്നപ്പോള്‍ ഗാന്ധി മഹാത്മാവായി ചിത്രീകരിക്കപ്പെട്ടു. ഉപ്പിന് നികുതി ഏര്‍പ്പെടുത്തിയതിനെതിരെയായിരുന്നു ഗാന്ധിജിയുടെ പ്രക്ഷോഭം എന്നീ വിമര്‍ശനങ്ങളായിരുന്നു അരുന്ധതി റോയ് ഉന്നയിച്ചത്. 

വെബ്ദുനിയ വായിക്കുക