പുതിയ കരസേനാ മേധാവി നിയമനത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
ബുധന്‍, 14 മെയ് 2014 (18:07 IST)
പുതിയ കരസേനാ മേധാവിയായി നിലവിലെ ഉപമേധാവി ലഫ്. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെ നിയമിക്കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവസാന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ഇദ്ദേഹത്തെ കരസേനാ മേധാവിയായി നിയമിക്കും. പുതിയ മേധാവിയെ നിയമിക്കുന്നതിനെതിരെ ബിജെപി ശക്തമായ എതിര്‍പ്പു ഉന്നയിക്കുകയും പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പുതിയ മേധാവിയെ നിയമിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കുകയായിരുന്നു. കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് ജുലായ് 31നാണ് വിരമിക്കുന്നത്.
വിരമിക്കലിന് രണ്ടു മാസം മുന്‍പ് പുതിയ മേധാവിയെ കണ്ടെത്തുകയാണ് പതിവ്. ഇതനുസരിച്ചാണ് നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് പോയത്.