മകള്‍ ക്ലാസ് കഴിഞ്ഞെത്തുന്നത് വരെ ആധിയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (16:25 IST)
മകള്‍ ക്ലാസ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുന്നതു വരെ വീട്ടുകാര്‍ക്ക് ആധിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വീട് മെട്രോ സ്റ്റേഷന് അടുത്താണ്. എന്നാലും സുരക്ഷ സംബന്ധിച്ച് പേടിയുണ്ട്. മുഖ്യമന്ത്രിയായ താന്‍ മകളുടെ കാര്യത്തില്‍ ഇത്രയേറെ ആശങ്കപ്പെടുമ്പോള്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
 
ഡല്‍ഹിയില്‍ എവിടെയും പെണ്‍കുട്ടികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാകണം. സ്ത്രീസുരക്ഷയ്ക്ക് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്കുമെന്നും അടുത്ത നിയമസഭ സമ്മേളനത്തില്‍ വനിത അവകാശ ബില്‍ അവതരിപ്പിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. വനിത കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ ഉറപ്പു വരുത്തുന്നതാണ് ബില്‍.
 
ഡല്‍ഹിയില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സുരക്ഷിതരായി സ്വതന്ത്രമായി സഞ്ചരിക്കാന്‍  പറ്റുന്ന അവസ്ഥയുണ്ടാകണം. അങ്ങനെ വരുമ്പോള്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്ക് സുരക്ഷിതത്വം തോന്നുമെന്നും ബസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക