കലാമിന്റെ മൃതദേഹം പ്രധാനമന്ത്രി ഏറ്റുവാങ്ങും; രാജാജി മാര്‍ഗ് പത്താം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനം, രാജ്യത്ത് ഏഴ് ദിവസത്തെ ദു:ഖാചരണം

Webdunia
ചൊവ്വ, 28 ജൂലൈ 2015 (08:15 IST)
അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹവുമായുള്ള വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടര്‍ ഷില്ലോംഗില്‍ നിന്നും ഗുവഹത്തിയിലേയ്ക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 1.30ന് ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മേഡി ഏറ്റുവാങ്ങും. തുടര്‍ന്ന് രാജാജി മാര്‍ഗ് പത്താം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വെക്കും.  കുടുംബാംഗങ്ങളുടെ താല്‍പര്യപ്രകാരം സ്വദേശമായ രാമേശ്വരത്തായിരിക്കും അന്ത്യ കര്‍മങ്ങള്‍. രാജ്യത്ത് ഏഴ് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വൈകിട്ട് ആറരയ്ക്കാണ് ഷില്ലോംഗ് ഐഐഎമ്മില്‍ കലാമിന്റെ പ്രഭാഷണം തുടങ്ങിയത്. ഏതാണ്ട് 20 മിനുട്ടിനുശേഷം അദ്ദേഹം  കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഷില്ലോംഗിലെ ബഥനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും  മരണം സംഭവിക്കുകയായിരുന്നു. ഷില്ലോംഗിലെ സൈനിക യുണിറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തിയാണ് മരണവിവരം സ്ഥിരീകരിച്ചത്.

1931 ഒക്ടോബര്‍ 15നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമായ അദ്ദേഹത്തെ മിസൈല്‍ സാങ്കേതികവിദ്യയിലെ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈല്‍ മനുഷ്യന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. 2002 ജൂലൈ 25ന് രാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായി അധികാരമേറ്റ കലാം തന്റെ ജനകീയ നയങ്ങളാല്‍, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരില്‍ പ്രശസ്തനായി. 2007 ജൂലൈ 25നു കലാം രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞു. 2002 ല്‍ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ്സും, ബിജെപിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം.

ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതി എന്ന പ്രത്യേകത കൂടിയുണ്ട് ഇദ്ദേഹത്തിന് സ്വന്തം. ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍,1997ല്‍ ഭാരത രത്‌നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് & ടെക്‌നോളജിയുടെ വൈസ് ചാന്‍സലറുമായിരുന്നു കലാം.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുള്‍ കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പൊഖ്റാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചു.

കലാമിന്റെ നിര്യാണത്തില്‍ സംസ്ഥാനത്ത് ഇന്ന് അവധിയില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ആദ്യം അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.