പെൺകുട്ടികളുടെ വിവാഹ പ്രായം 18ന് താഴെ, പുരുഷന്മാർക്ക് എത്ര വേണമെങ്കിലും ആകാം; ആന്ധ്രയിലെയും തെലുങ്കാനയിലെയും കണക്കുകൾ ഞെട്ടിക്കുന്നത്

ബുധന്‍, 25 മെയ് 2016 (09:53 IST)
തെലുങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വിവാഹ കണക്കുകൾ എടുത്താൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഏകദേശം 28 ശതമാനം പെൺകുട്ടികളും വിവാഹിതരാകുന്നത് വിവാഹ പ്രായം എത്തുന്നതിന് മുൻപ്. അതേസമയം, പുരുഷന്മാർക്ക് പ്രായം ഒരു പ്രശ്നമല്ല. ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഫൗണ്ടേഷനായ യങ് ലീവ്‌സ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
രണ്ട് സംസ്ഥാനങ്ങളിലും 18 വയസ്ല് ആകുന്നതിന് മുൻപേ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയ്ക്കുന്നു. ഭർത്താവാകാൻ പോകുന്നയാളിന് പ്രായകൂടുതലോ പ്രായകുറവോ ഇവർക്ക് പ്രശ്നമല്ല. പാവപ്പെട്ട കുടുംബങ്ങളിലാണ് കൂടുതലും നടക്കുന്നത്. മക്കളുടെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും ഇല്ലാത്ത മാതാപിതാക്കളാണ് 18 വയസിന് മുന്‍പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നവരില്‍ ഏറെയും.
 
വിവാഹം കഴിപ്പിച്ചയ്ക്കുന്ന പെൺകുട്ടികളിൽ 59 ശതമാനം കുട്ടികളും 19 വയസിന് മുന്‍പ് ആദ്യകുഞ്ഞിന് ജന്‍മം നല്‍കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 19 വയസ്സിന് താഴെയുള്ള അഞ്ഞൂറ് വീതം ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. പഠനം തുടരുന്നവരേക്കാള്‍ ഏതാണ്ട് നാലുമടങ്ങ് അധികമാണ് വിവാഹിതരാകുന്നവരുടെ കണക്ക്. 
 
ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഫൗണ്ടേഷനായ യങ് ലീവ്‌സ് ഇന്ത്യയും ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വിമണ്‍ എന്ന സംഘടനയുമായി ചേര്‍ന്നാണ് പഠനം നടത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക