മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഐസിയുവിൽ കഴിയുന്ന അരുണ്‍ ജെയ്റ്റ്ലി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അരുണ്‍ ജെയ്റ്റ്ലിയുടെ ചികിത്സയും ആരോഗ്യനിലയും സംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റ് 9നാണ് അവസാനമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നത്.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി എയിംസില്‍ ചികിത്സയില്‍ തുടരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയ്ക്കാണ് വീണ്ടും ഗുരുതരമായത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹർഷവർധൻ തുടങ്ങിയവർ ആശുപത്രിയിലെത്തി. അതേസമയം, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാവിലെ 11 മണിയോടെ ജെയ്റ്റ്‌ലിയെ സന്ദർശിച്ചിരുന്നു.
ഓഗസ്റ്റ് 9നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ കാർഡിയോ–ന്യൂറോ വിഭാഗം വാർഡിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ– ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരുടെ സംഘവും നിരീക്ഷിക്കുന്നുണ്ട്.