അമേരിക്ക പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കും; പ്രതിഷേധവുമായി ഇന്ത്യ

ശനി, 13 ഫെബ്രുവരി 2016 (09:40 IST)
പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരെ ഇന്ത്യ രംഗത്ത്. നിരാശപ്പെടുത്തുന്ന തീരുമാനമാണ് അമേരിക്കയുടേതെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ഭീകരവാദികളെ ചെറുക്കാനാണ് വിമാനം കൈമാറുന്നതെന്ന അമേരിക്കയുടെ വാദത്തോട് യോജിക്കാനാകില്ല. ഇത്രയും വർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നത് അതാണെന്നും അദ്ദേഹം ട്വിറ്ററിൽ രേഖപ്പെടുത്തി.

അമേരിക്കന്‍ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എട്ട് എഫ് 16 യുദ്ധവിമാനങ്ങളാണ് അമേരിക്ക പാകിസ്ഥാന് വില്‍ക്കുന്നത്. 700 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് ഇത്. ഇടപാടിന് അമേരിക്കന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയിട്ടുണ്ട്.

നേരത്തെ ഇന്ത്യ റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങളടക്കമുള്ളവ വാങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി അമേരിക്ക രംഗത്ത് എത്തിയിരുന്നു. അമേരിക്കന്‍ എതിര്‍പ്പുകള്‍ മറികടന്ന് ഇന്ത്യ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇതാണ് പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള തീരുമാനമെടുക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക