അമേരിക്കയുടെ കൊലയാളി ഡ്രോണിനെ സ്വന്തമാക്കാന്‍ ഇന്ത്യ

ബുധന്‍, 11 നവം‌ബര്‍ 2015 (18:36 IST)
അമേരിക്കയുടെ വ്യോമാക്രമണത്തിന്റെ കുന്തമുനയാണ് ഡ്രോണുകള്‍. അത്യാധുനിക സംവിധാനങ്ങള്‍ അടങ്ങിയ ഈ കൊലയാളിയെ ഉപയോഗിച്ചാണ് അമേരിക്ക പാകിസ്ഥാനിലും അഫ്ഗാന്‍ അതിര്‍ത്തിയിലും താലിബാനെതിരെ വ്യോമാക്രമണങ്ങള്‍ നടത്തുന്നത്. പ്രെഡേറ്റർ അവഞ്ചർ എന്ന് പേരുള്ള ഈ ഡ്രോണുകള്‍ സ്വന്താമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.

ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള പ്രെഡേറ്റർ അവഞ്ചർ ഡ്രോണുകൾ വാങ്ങാനാണ് ഇന്ത്യ ആലോചിക്കുന്നത്. പദ്ധതി വിജയിച്ചാൽ അമേരിക്കയിൽ നിന്നു  ഈ ഡ്രോണുകൾ വാങ്ങുന്ന ആദ്യ രാജ്യവും ഇന്ത്യയാകും. എന്നാല്‍ ഇന്ത്യയുടെ ആവശ്യത്തോട് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. അതീവ രഹസ്യമായ പല സംവിധാനങ്ങളും അടങ്ങിയ ഈ ഡ്രോണുകള്‍ മറ്റൊരു രാജ്യത്തിന് നല്‍കാന്‍ അമേരിക്ക താല്‍പ്പര്യപ്പെടുമെന്ന് കരുതുന്നില്ല.

എന്നിരിക്കിലും ഡ്രോണുകള്‍ വാങ്ങാനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ തുടക്കമിട്ടുകഴിഞ്ഞു. ആളില്ലാത്ത ഈ വിമാനം ഉപയോഗിച്ച് അതിർത്തി രാജ്യങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ബോംബിടാൻ സാധിക്കും.തീവ്രവാദ വിരുദ്ധ വേട്ടയക്ക് ഇന്ത്യയെ ഏറെ സഹായിക്കുന്നതാകും ഡ്രോണുകള്‍.

അമേരിക്കൻ സേനയ്ക്ക് വേണ്ടി ജനറൽ ആറ്റോമിക്സ് ഏറോനോട്ടിക്കൽ സിസ്റ്റംസാണ് ഈ ആളില്ലാ വിമാനം നിർമ്മിച്ചത്. നിലത്തു നിന്നു രണ്ടുപേർക്ക് നിയന്ത്രിക്കാവുന്ന പ്രെഡേറ്റർ അവഞ്ചർ ഡ്രോണിന്റെ ചിറകിന്റെ വലുപ്പം 20 മീറ്ററാണ്. മണിക്കൂറിൽ 741 കിലോമീറ്റർ ആണ് ഡ്രോണിന്റെ വേഗം.

പ്രെഡേറ്റർ അവഞ്ചർ ഡ്രോണുകൾക്ക് ഏകദേശം 18 മണിക്കൂറോളം തുടർച്ചയായി പറക്കാനാകും. 50,000 അടി ഉയരത്തിൽ വരെ പറക്കാനാകുന്ന പ്രെഡേറ്റർ അവഞ്ചർ ഡ്രോണുകളിൽ 1,500 കിലോഗ്രാം യുദ്ധസാമഗ്രികൾ വരെ വഹിക്കാനാകും.

വെബ്ദുനിയ വായിക്കുക