അമര്‍നാഥ് പാതയില്‍ ബോംബുകളും റൈഫിളുകളും കണ്ടെടുത്തു; പിന്നില്‍ പാക് ഭീകരരെന്ന് ഇന്ത്യ
വെള്ളി, 2 ഓഗസ്റ്റ് 2019 (16:57 IST)
അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ ശ്രമിക്കുന്നതായി ഇന്ത്യന്‍ സൈന്യം. സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ തീര്‍ത്ഥയാത്രാ പാതയില്‍ നിന്ന് ബോംബുകളും സ്‌നൈപ്പര്‍ റൈഫിളുകളും കണ്ടെടുത്തു.
യാത്രികരെ ലക്ഷ്യമിട്ട് കുഴിബോംബ്, ഐഇഡി ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി പരിശോധന തുടരുകയാണെന്ന് ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ് ജനറല്‍ കെജെഎസ് ധില്ലന്‍ വ്യക്തമാക്കി.
തിരച്ചിലില്‍ പാക് സൈന്യം ഉപയോഗിക്കുന്ന കുഴിബോംബും ടെലിസ്‌കോപിക് എം24 അമേരിക്കന്‍ സ്‌നിപ്പര്‍ റൈഫിളും കണ്ടെത്തി. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പാക്ക് സൈന്യം സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്‌മീരിലെ സമാധാനം നശിപ്പിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്നും ധില്ലന്‍ പറഞ്ഞു. കശ്മീരില്‍ കൂടുതലായി സൈന്യത്തെ വിന്യസിക്കുന്നതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കരസേന വാര്‍ത്താസമ്മേളനം വിളിച്ചത്