അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി നേതാവ് മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം
വ്യാഴം, 14 മെയ് 2015 (14:30 IST)
അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിതയായ അസ്മ ജാവേദിനെ(28) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അലിഗഡിലെ സിവിൽ ലേൻസിലുള്ള അസ്മയുടെ അപ്പാർട്ട്മെന്റിൽ ബുധനാഴ്ചയാണ് പൂർണമായും അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാകാനാണ് സാധ്യതയെന്നാണ് സൂചനകള്‍. കുറച്ച് പണവും യുവതിയുടെ ടാബ്‌ലെറ്റും അപ്പാർട്ട്മെന്റിൽ നിന്നും മോഷണം പോയിട്ടുണ്ട്.
അസ്മ മരിച്ചിട്ട് അഞ്ച് ദിവസങ്ങളെങ്കിലും ആയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. അസ്മയുറ്ടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ദയില്‍ പെട്ട അടുത്ത വീട്ടിലുള്ളവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച് അഴുകിയ നിലയില്‍ അസ്മയുടെ ജഡം കണ്ടെത്തിയത്. വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നെന്നും അതിനാൽ യുവതിയെ കൊലപ്പെടുത്തിതാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭർത്താവ് തെക്കേ അമേരിക്കയിൽ പോയതിന് ശേഷം അസ്മ ഒറ്റയ്ക്കാണ് അപ്പാർട്ട്മെന്റിൽ കഴിയുന്നത്. മേയ് ഒന്പതിന് ശേഷം താൻ അസ്മയുമായി സംസാരിച്ചിട്ടില്ലെന്ന് സഹോദരൻ സൽമാൻ ജാവേദ് പറഞ്ഞു. അതിന് ശേഷം പല തവണ വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫായെന്ന സന്ദേശമാണ് ലഭിച്ചതെന്നും സൽമാൻ വ്യക്തമാക്കി.
നാല് വർഷം മുന്പ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയായ ആളാണ് അസ്മ. യൂണിവേഴ്സിറ്റിയിൽ പെൺകുട്ടികൾക്ക് വേണ്ടി അസ്മ നിരവധി കാന്പയിനുകൾ നടത്തിയിരുന്നെന്നും അതുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്നാണ് വീട്ടുകാരുടെ ആരോപണം. രണ്ട് വർഷം മുന്പ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ അസ്മ അധ്യാപികയാകാനുള്ള കോഴ്സിന് ചേരാനിരിക്കുകയായിരുന്നു.