ക്ലാസ്സ് മുറിയില്‍ മദ്യപാനം; ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി സ്കൂളില്‍ നിന്നും പുറത്ത്!

തിങ്കള്‍, 22 ഫെബ്രുവരി 2016 (11:24 IST)
പുതുച്ചേരി സര്‍ക്കര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മദ്യപച്ചതിന്‌ വിദ്യാര്‍ത്ഥിനിയെ പുറത്താക്കി‌. ക്ലാസ്‌ മുറിയില്‍ വച്ച്‌ കോളയില്‍ മദ്യം കലര്‍ത്തി കുടിക്കുന്നതിനിടെയാണ് പെണ്‍കുട്ടി അധ്യാപികയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നായിരുന്നു പുറത്താക്കല്‍ നടപടി.

ക്ലാസ്സ്‌ റൂമില്‍ വച്ച് ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ കുട്ടി വിചിത്രമായി പെരുമാറിയത്‌ അധ്യാപിക ശ്രദ്ധിച്ചിരുന്നു‌. തുടര്‍ന്ന്‌ അധ്യാപിക ഈ കുട്ടിയോടും സഹപാഠികളോടും കാര്യം തിരക്കിയെങ്കിലും ആരും ഇതേകുറിച്ച് ഒന്നും പറഞ്ഞില്ല. തുടര്‍ന്ന്‌ അധ്യാപിക പെണ്‍കുട്ടിയുടെ ബാഗ്‌ പരിശോധിക്കുകയും ബാഗില്‍ നിന്നും മദ്യം മിക്‌സ് ചെയ്‌ത സോഫ്‌റ്റ് ഡ്രിങ്ക്‌ കണ്ടെത്തുകയും ചെയ്‌തു. ക്ലാസിലെ മൂന്ന്‌ സുഹൃത്തുക്കള്‍ക്കും കുട്ടി ഈ മദ്യം കലര്‍ത്തിയ കോള നല്‍കിയെന്ന്‌ അന്വേഷണത്തില്‍ മനസിലായെന്ന്‌ അധ്യാപിക വ്യക്തമാക്കി. എന്നാല്‍ മദ്യം കലര്‍ന്നിട്ടുണ്ടെന്ന്‌ അറിയാതെയാണ്‌ മറ്റ്‌ കുട്ടികള്‍ ഇത്‌ കുടിച്ചതെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു.

അധ്യാപിക സംഭവം പ്രിന്‍സിപ്പാളിനെ അറിയിക്കുകയും തുടര്‍ന്ന് നാല്‌ കുട്ടികളുടെയും മാതാപിതാക്കളെ വിളിച്ച്‌ വരുത്തുകയുമായിരുന്നു. ക്ലാസില്‍ മദ്യം കൊണ്ടുവന്ന കുട്ടിയെ അപ്പോള്‍ത്തന്നെ ടി സി നല്‍കി അയച്ചു. മറ്റ്‌ മൂന്ന്‌ കുട്ടികള്‍ക്ക്‌ താക്കീത്‌ നല്‍കി വിട്ടയക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക