അക്ബര്‍ വലിയവനെങ്കില്‍ അതിനേക്കാള്‍ വലിയവനാണ് റാണാപ്രതാപ്: രാജ്നാഥ് സിംഗ്

Webdunia
തിങ്കള്‍, 18 മെയ് 2015 (13:29 IST)
ഇന്ത്യ മുഗള്‍ അധിനിവേശക്കാലത്ത് ഭരിച്ചിരുന്ന അക്ബര്‍ വലിയവനാണെങ്കില്‍ മുഗള്‍ അധിനിവേശത്തിനെതിരെ യുദ്ധം ചെയ്ത രജപുത്ര രാജാവ്  റാണാപ്രതാപ് വലിയവരില്‍ വലിയവനെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.  മഹാറാണ പ്രതാപിന്റെ 475മത് വാര്‍ഷികാഘോഷം പ്രതാപ്ഘട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌നാഥ് സിംഗ്.   ‘അകബറെ ഗ്രേറ്റ് എന്ന് വിളിക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. എന്നാല്‍ മഹാറാണ പ്രതാപിനെ ഗ്രേറ്റ് ഓഫ് ഗ്രേറ്റെസ്റ്റ് ആയി അംഗീകരിക്കണം’-രാജ്‌നാഥ് സിംഗ് പറഞ്ഞു.  രാജ്യത്തിന് വേണ്ടി പോരാടിയ ആദ്യകാല ഇന്ത്യന്‍ ഭരണാധികാരികളിലൊരാളായിരുന്നു റാണാപ്രതാപ് എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

രാജ്യത്തിന് വേണ്ടി റാണാ പ്രതാപ് കാഴ്ചവച്ച ഭരണനിപുണതയും പോരാട്ടവീര്യവും എന്തിന് കാണാതെ പോകുന്നുവെന്ന് ചോദിച്ച മന്ത്രി ചരിത്രത്തില്‍ അക്ബറിനോളം പ്രാധാന്യം ലഭിയ്‌ക്കേണ്ട ആളാണ് റാണാപ്രതാപ് എന്നും റാണാ പ്രതാപ് ആരാണെന്ന് മനസ്സിലാകുന്ന തരത്തില്‍ ചരിത്രത്തെ മാറ്റിയെഴുതുകയാണ് വേണ്ടത് എന്നും അഭിപ്രായപ്പെട്ടു. ചരിത്രം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വേണം സൃഷ്ടിക്കേണ്ടത്. റാണാ പ്രതാപ് മുഗളര്‍ക്കെതിരെ കാഴ്ച വച്ച ഒളിപ്പോരും പോരാട്ടവും വരും തലമുറകള്‍ അറിഞ്ഞിരിക്കേണ്ടതാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മുഗള്‍ അധിനിവേശത്തിനെതിരെ ഗറില്ലാ പോരാട്ടത്തിലൂടെ സമരം നയിച്ച രജപുത്ര രജാവായിരുന്നു റാണാ പ്രതാപ്. തന്റെ മുപ്പത്തി രണ്ടാമത്തെ വയസില്‍ മേവാര്‍ എന്ന രാജ്യത്തിന്റെ ഭരണാധികാരിയായ റാണാപ്രതാപ് 1572 മുതല്‍ 1597 വരെ രാജ്യം ഭരിച്ചു. ഇക്കാലയളവില്‍ മുഗള്‍ അധിനിവേശത്തിനെതിരെ യുദ്ധം നയിച്ച അദ്ധേഹം ഹല്‍ദിഘട്ടിലെ യുദ്ധത്തില്‍ അക്ബറിനോട് പരാജയപ്പെടുകയായിരുന്നു.