എയര്‍ ഇന്ത്യ വായുവില്‍ കറക്കിയത് 50,773 പേരെ!

വെള്ളി, 28 നവം‌ബര്‍ 2014 (08:40 IST)
വിമാനം വൈകലും റദ്ദാക്കലും തുടര്‍ക്കഥയാക്കിയ എയര്‍ ഇന്ത്യ കഴിഞ്ഞമാസം വായുവില്‍ കറക്കിയത് 50,773 പേരെ. വിവിധ വിമാനങ്ങള്‍ വൈകിയത് മൂലം മൊത്തം 62,011 ആഭ്യന്തര യാത്രക്കാരാണ് കഴിഞ്ഞമാസം ദുരിതം അനുഭവിച്ചത്. ഇതില്‍ 50,773 പേരും എയര്‍ ഇന്ത്യ യാത്രക്കാരായിരുന്നു. പ്രതിമാസം ശരാശരി 25,000 യാത്രക്കാര്‍ ആഭ്യന്തര തലത്തില്‍ വിമാനങ്ങള്‍ വൈകുന്നത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ‌ഡയറക്‌ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (‌ഡിജിസിഎ) വ്യക്തമാക്കി.
 
ഇതിനിടെ എയര്‍ഇന്ത്യയുടെ 97 ശതമാനം സര്‍വീസുകളും നഷ്ടത്തിലാണെന്ന് ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി. നിത്യേനയുളള 370 സര്‍വീസുകളില്‍ മൂന്ന് രാജ്യാന്തര സര്‍വീസുകളും ആറ് ആഭ്യന്തര സര്‍വീസുകളും മാത്രമേ ലാഭകരമായി പ്രവര്‍ത്തിക്കുന്നുളളൂവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 
 
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5388 കോടിയോളം രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യയ്ക്കുണ്ടായത്. ഇതുകൂടാതെ കോടികളുടെ വായ്പ തിരിച്ചടവ് വേറെയുമുണ്ട്. തുടര്‍ച്ചയായി നഷ്ടത്തിലുളള ചില റൂട്ടുകള്‍ പൂര്‍ണമായി ഒഴിവാക്കിയും മറ്റ് ചില റൂട്ടുകള്‍ നീട്ടി ലാഭത്തിലാക്കാനുമാണ് എയര്‍ഇന്ത്യയുടെ തീരുമാനം.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക