അമ്മയെ പറ്റി പറഞ്ഞു, തമിഴ്‌നാട്ടിൽ ബിജെപി - എഐഡിഎംകെ സഖ്യത്തിൽ വീണ്ടും പോര്

ചൊവ്വ, 13 ജൂണ്‍ 2023 (19:40 IST)
തമിഴ്‌നാട്ടില്‍ എഐഡിഎംകെ ബിജെപി സഖ്യം പ്രശ്‌നത്തില്‍. മുന്‍ മുഖ്യമന്ത്രി ജയലളിതയെ പറ്റി തമിഴ്‌നാട് ബിജെപി അധ്യക്ഷനായ അണ്ണാമലെയുടെ പരാമര്‍ശത്തിന്റെ പേരിലാണ് സംസ്ഥാനത്തെ എന്‍ഡിഎ സഖ്യത്തിനുള്ളില്‍ വിള്ളല്‍ വീണിരിക്കുന്നത്. അണ്ണാമലെയുടെ പ്രസ്താവന തീര്‍ത്തും നിരുത്തരവാദപരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് അണ്ണാഡിഎംകെ പ്രമേയം പാസാക്കി.
 
തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിമാരെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും അങ്ങനെ തമിഴ്‌നാട് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമായിരുന്നു എന്നുമായിരുന്നു അണ്ണാമലെയുടെ പരാമര്‍ശം. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ എന്‍ഡിഎ സഖ്യം വിടുമെന്ന് കഴിഞ്ഞ ദിവസം അണ്ണാഡിഎംകെ വ്യക്തമാക്കി. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിമാരുടെ യോഗമാണ് അണ്ണാമലെയ്ക്ക് എതിരെ പ്രമേയം പാസക്കിയത്. 98ല്‍ ജയലളിതയുടെ സഹായം കൊണ്ടാണ് ബിജെപി ആദ്യമായി രാജ്യത്ത് അധികാരത്തില്‍ വന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
 
അണ്ണാമലയ്ക്ക് തമിഴ്‌നാട്ടില്‍ സഖ്യം തുടരാന്‍ താത്പര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വിജയിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അണ്ണാഡിഎംകെ നേതാവ് ഡി ജയകുമാര്‍ പറഞ്ഞു. അതേസമയം അണ്ണാഡിഎംകെയുടെ വിമര്‍ശനത്തിനെതിരെ ബിജെപിയും രംഗത്തെത്തി. സഖ്യത്തില്‍ ആരും വല്ല്യേട്ടന്‍ ചമയേണ്ടതില്ലെന്നാണ് ബിജെപി നേതാക്കളുടെ വിമര്‍ശനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍