മുന്‍മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വത്തെ വീണ്ടും മുഖ്യമന്ത്രിയാക്കി മടക്കി കൊണ്ടുവന്ന് നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കാമെന്ന നിര്‍ദേശമാണ് തത്വത്തില്‍ അംഗീകരിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു മുതിര്‍ന്ന അണ്ണാഡിഎംകെ നേതാവിനെ ഉദ്ധരിച്ചുകൊണ്ട് ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്.
അണ്ണാഡിഎംകെ ലയനത്തിനായുള്ള എല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശശികലയെ പുറത്താക്കി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ പളനിസാമി പക്ഷത്തിന് എതിര്‍പ്പില്ലെന്നും വിവരങ്ങളുണ്ട്. ശശികല കുടുംബത്തിനോടൊപ്പം ചേര്‍ന്ന് ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമിക്കുകയും അതുമായി ബന്ധപ്പെട്ട റെയിഡില്‍ പിടിയിലായ ആരോഗ്യമന്ത്രി സി വിജയഭാസ്കറെ ക്യാബിനെറ്റില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമായതായാണ് വിവരം.
ഭരണം കയ്യിലുള്ള സമയത്ത് എന്തിനാണ് പളനിസാമി മുഖ്യമന്ത്രി പദം ഒഴിയുന്നതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ നിലനിര്‍ത്തുകയെന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന ഉത്തരമാണ് അവര്‍ നല്‍കുന്നത്. നിലവില്‍ 122 എംഎല്‍എമാരാണ് ഭരണപക്ഷത്തുള്ളത്. ആറ് എംഎല്‍എമാര്‍ കൂടി കലഹിച്ചാല്‍ അണ്ണാഡിഎംകെ സര്‍ക്കാര്‍ താഴെ വീഴും. ഡിഎംകെയാകട്ടെ ഈ അവസരം മുതലെടുക്കും. ഇതെല്ലാം ഒഴിവാക്കി മന്ത്രിസ്ഥാനങ്ങള്‍ സുരക്ഷിതമാക്കാനാണ് പനീര്‍ശെല്‍വത്തെ തിരിച്ചു കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കുന്നതെന്നാണ് സൂചന.