തമിഴ്‌നാട് ഭരിക്കാന്‍ നാല്‍‌വര്‍ സംഘമോ ?; അജിത്തിന്റെ സ്ഥാനമെന്ത് ? - ഒരാള്‍ കാഴ്‌ചക്കാരനാകും!

ജിയാന്‍ ഗോണ്‍സാലോസ്

ബുധന്‍, 7 ഡിസം‌ബര്‍ 2016 (15:42 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചതിനെത്തുടര്‍ന്ന് തമിഴ് രാഷ്‌ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. അണ്ണാ ഡിഎംകെ പാര്‍ട്ടിക്ക് ഇപ്പോള്‍ ചിഹ്‌നം മാത്രമെ ഉള്ളുവെന്ന് മുന്നില്‍ നിന്ന് നയിക്കാന്‍ ആരുമില്ലെന്ന പാര്‍ട്ടിയില്‍ തന്നെ സംസാരം ശക്തമായ സാഹചര്യത്തിലാണ് ദ്രാവിഡ രാഷ്‌ട്രീയത്തില്‍ പൊളിച്ചെഴ്‌ത്തുണ്ടാകുമെന്ന് വ്യക്തമായത്.

ജയലളിതയുടെ തോഴിയും പാര്‍ട്ടിയിലെ ശക്തി കേന്ദ്രവുമായ ശശികല നടരാജന്‍ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്‌ഥാനത്തേക്കു വരുമെന്നാണ് തമിഴ്‌നാട്ടില്‍ നിന്നു ലഭിക്കുന്ന സൂചന. ജയ ഉണ്ടായിരുന്നപ്പോള്‍ പാര്‍ട്ടിയിലെ രണ്ടാമത്തെ  ശക്‍തികേന്ദ്രമായ ശശികല ഒന്നാമനാകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.




മുഖ്യമന്ത്രി പനീര്‍ സെല്‍‌വത്തെ മുന്നിൽ നിർത്തി ഭരണം നിയന്ത്രിക്കുക എന്നതാണ് ശശികല ലക്ഷ്യമാക്കുന്നതെന്നാണ് ചില ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയലളിത മൽസരിച്ച ആർകെ നഗറിൽ നിന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യവും ശശികല ആലോചിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ജയലളിതയ്‌ക്ക് ശേഷം ദ്രാവിഡ രാഷ്‌ട്രീയം നിയന്ത്രിക്കുന്നത് ശശികലയായിരിക്കും.

ജയലളിതയോടുള്ള വിധേയത്വം പാര്‍ട്ടി അംഗങ്ങള്‍ക്ക് ശശികലയോടുമുണ്ടെന്നതിനാല്‍ അവരുടെ നീക്കങ്ങള്‍ അത്രമേല്‍ പ്രസക്തമാണ്. ജയലളിയുടെ രാഷ്‌ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ മരണം വരെ ഒപ്പമുണ്ടായിരുന്നതും സമാന്തര അധികാരകേന്ദ്രമായി പ്രവര്‍ത്തിച്ചതും ശശികലയാണ്. പൊതുവെ ശാന്തനായ പനീര്‍ സെല്‍വത്തിന് ശശികലയോട് അടുത്ത ബന്ധമാണുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ നയിച്ചതുവരെ ശശികലയായിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് രാഷ്‌ട്രീയം നിയന്ത്രിക്കുക ശശികല ആയിരുക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല.



പനീര്‍ സെല്‍‌വത്തെ മുന്നിൽ നിർത്തി ഭരണം നിയന്ത്രിക്കാന്‍ ശശികല തീരുമാനിച്ചാല്‍ അദ്ദേഹം കാഴ്‌ചക്കാരന്‍ മാത്രമാകും. ജയലളിതയോട് മാത്രമല്ല ശശികലയോടും സമ്പൂര്‍ണ്ണ വിധേയത്വം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് പനീര്‍ സെല്‍‌വം.  ജനറല്‍ സെക്രട്ടറി സ്ഥാനം സ്വാഭാവികമായും മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിലേക്കാണ് വന്നെത്തേണ്ടത്. എം ജി ആറിന്റെ കാലം മുതല്‍ അങ്ങനെയാണ് തുടര്‍ന്നു പോന്നിരുന്നത്. ജയലളിതയും അതേ പാതയിലാണ് സഞ്ചരിച്ചത്. എന്നാല്‍ ജയയുടെ മരണത്തിന് ശേഷം ജനറല്‍ സെക്രട്ടറി എന്ന പ്രമുഖ സ്ഥാനം സ്വന്തമാക്കാന്‍ ശശികല ശ്രമിക്കുമ്പോള്‍ തന്നെ തമിഴ് രാഷ്‌ട്രീയത്തില്‍ മാറ്റം വരുമെന്ന് വ്യക്തമാണ്.

ജയലളിതയുടെ അടുപ്പക്കാരിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥയുമായ ഷീല ബാലകൃഷ്‌ണനെ കൂടെ നിര്‍ത്തി ഭരണം നിയന്ത്രിക്കുക എന്നതാണ് ശശികല ലക്ഷ്യമാക്കുന്നത്. മലയാളിയായ ഷീല ബാലകൃഷ്‌ണനായിരുന്നു ജയലളിത ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഭരണം നിയന്ത്രിച്ചിരുന്നത്.

ജയലളിത ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ തമിഴ്‌നാടിന്റെ ഭരണനിയന്ത്രണം നടത്തിയിരുന്നത് മലയാളി വനിതയായ ഷീല ബാലകൃഷ്ണനാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലെ രണ്ടാം നിലയിൽ പ്രവേശനം അനുവദിക്കപ്പെട്ട മൂന്നു പേരിൽ ഒരാളായിരുന്നു ജയലളിതയുടെ പ്രത്യേക ഉപദേഷ്ടാവ് കൂടിയായ ഷീല. പാര്‍ട്ടിയിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന പനീർ സെൽവത്തിനേക്കാളും തോഴി ശശികലയെക്കാളും ജയലളിതയ്‌ക്ക് അടുപ്പവും വിശ്വാസവുമുണ്ടായിരുന്നത് ഷീലയോട് മാത്രമാണ്.



തിരുവനന്തപുരം സ്വദേശിനിയായ ഷീല 1976 ബാച്ചിലെ ഐഎഎസുകാരിയാണ്. 1977ൽ തഞ്ചാവൂർ അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1996ൽ ഫിഷറീസ് കമ്മിഷണറായ ഷീല 2002 മാർച്ചിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്നത് . തുടര്‍ന്നാണ് ജയലളിതയുമായി അടുപ്പത്തിലാകുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയലളിതയുടെ വിശ്വസ്‌തയായി തീരുകയും ചെയ്‌തു.

2011ൽ ജയലളിത അധികാരത്തിൽ വന്നപ്പോൾ ഷീല നിയമിതയായത് അഡീഷണൽ ചീഫ് സെക്രട്ടറിയായാണ്. 2012 ഷീല ചീഫ് സെക്രട്ടറി പദവിയിലെത്തി. വിരമിച്ച ശേഷം അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ഷീലയ്ക്ക് നിയമനം നല്‍കുകയായിരുന്നു ജയലളിത.



അതേസമയം, ജയലളിത അന്തരിച്ച സമയത്ത് ബള്‍ഗേറിയയില്‍ സിനിമാ ഷൂട്ടിംഗിലായിരുന്നു നടന്‍ അജിത് ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ എത്തിച്ചേര്‍ന്നു. ഇതോടെ തമിഴക രാഷ്ട്രീയം പുതിയ ഉണര്‍വ്വിലാണ്. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍‌ഗാമിയായി എഐഎഡിഎംകെ പ്രവര്‍ത്തകരും ജനങ്ങളും അജിത്തിനെ പ്രതീക്ഷിക്കുന്നുണ്ട്.

ജയലളിതയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന അജിത് ശശികലയുടെയും ഏറ്റവും അടുത്ത സുഹൃത്താ‍ണ്. അജിത്തിനെ പിന്‍‌ഗാമിയാക്കി കൊണ്ടുവരണമെന്ന ആഗ്രഹം ശശികലയ്ക്കും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍സെല്‍‌വത്തിനും അജിത്ത് ഏറെ പ്രിയപ്പെട്ടവനാണ്. അജിത്തും ശാലിനിയുമായുള്ള വിവാഹത്തില്‍ അനുഗ്രഹം ചൊരിഞ്ഞ് ഒപ്പം നിന്നത് ജയലളിതയായിരുന്നു.

വെബ്ദുനിയ വായിക്കുക