പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിച്ചു; ഡൽഹി സർക്കാർ ആശുപത്രികള്‍ക്ക് 600 കോടി പിഴയിട്ടു
ഞായര്‍, 12 ജൂണ്‍ 2016 (11:58 IST)
പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയിലെ അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികള്‍ക്ക് 600 കോടി രൂപ പിഴ ചുമത്തി. ഫോര്‍ട്ടിസ് എസ്കോര്‍ട്ട്സ് ഹാര്‍ട്ട് ഇന്‍സ്റിറ്റ്യൂട്ട്, സാകേത് ആശുപത്രി, ശാന്തി മുകന്ദ് ആശുപത്രി, ധര്‍മശാല കാന്‍സര്‍ ആശുപത്രി, പുഷ്പവതി സിംഗാനിയ റിസേര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് പിഴ ചുമത്തിയത്.
സർക്കാരിന്റെ നയമായ പാവങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്ന നിർദേശം പാലിക്കാത്തതിനാണ് പിഴ ചുമത്തിയത്. പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യ ചികിത്സ നല്‍കാമെന്നതായിരുന്നു ആശുപത്രിക്ക് അനുമതി നല്‍കിയപ്പോള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍. ഈ കരാര്‍ ലംഘിച്ചതോടെയാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പിഴ ചുമത്തിയത്.
ആശുപത്രികളുടെ പ്രവര്‍ത്തനം ആരംഭിച്ച 2007 മുതല്‍ ഇന്നുവരെയുള്ള പിഴയാണ് ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. പിഴ അടച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രാലയം ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിഴ ഈടാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്ന് കാട്ടി ആശുപത്രികള്‍ക്ക് നോട്ടിസ് നല്‍കി.
ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരില്‍ 10 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണം. ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ 25 ശതമാനം പാവപ്പെട്ടവരിൽ നിന്ന് സൗജന്യ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന കരാറാണ് ആശുപത്രികള്‍ ലംഘിച്ചത്.