ആം ആദ്മി വാക്ക് പാലിച്ചു തുടങ്ങി, പ്രതിയോഗികള്‍ക്ക് ആവലാതി

വ്യാഴം, 26 ഫെബ്രുവരി 2015 (13:48 IST)
വൈദ്യുതി നിരക്കു പകുതിയാക്കിയും എല്ലാ വീടുകളിലും പ്രതിമാസം 20,000 ലീറ്റര്‍ ജലം സൌജന്യമാക്കിയും പറഞ്ഞ വാക്കുകള്‍ പാലിച്ചുകൊണ്ട് ആം ആദ്മി സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ പ്രതിപക്ഷമായ ബിജെപിയും, നിയമസഭയില്‍ ആരുമില്ലാത്ത കോണ്‍ഗ്രസും പ്രതിരോധത്തിലായി. സര്‍ക്കാരിന്റെ ജനപ്രിയ പ്രതിഛായ ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ രണ്ട്കൂട്ടരും ആപ് സര്‍ക്കാരിനെതിരെ രംഗത്തെത്തി. വൈദ്യുതി നിരക്കു പകുതിയാക്കിയതും 20,000 ലീറ്റര്‍ ജലം സൌജന്യമാക്കിയതുമായ കേജ്രിവാളിന്റെ നടപടികള്‍ ജനത്തെ തെറ്റിധരിപ്പിക്കുന്നതാണെന്നാണ് ഇരുപാര്‍ട്ടികളും ഇപ്പോള്‍ പറയുന്നത്.
 
ഡല്‍ഹിയിലെ അര്‍ഹതപ്പെട്ട ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു പദ്ധതിയുടെ പ്രയോജനം സര്‍ക്കാര്‍ എങ്ങനെ ലഭ്യമാക്കുമെന്ന് ബിജെപി നേതാവ് സതീഷ് ഉപാധ്യായ ചോദിച്ചു. പദ്ധതിയുടെ പ്രയോജനം ലഭ്യമാകണമെങ്കില്‍ വീടുകളില്‍ വൈദ്യുതി മീറ്ററുകള്‍ അനിവാര്യമാണ്. എന്നാല്‍ മീറ്ററുകള്‍ ഇല്ലാത്ത വീടുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം എങ്ങനെ ലഭ്യമാക്കുമെന്നും അദ്ദേഹം ചോദിച്ചു. പൊതുജനത്തെ തെറ്റിധരിപ്പിക്കാനാണ് എഎപി ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത ആരോപിച്ചു.
 
കെജ്രിവാള്‍ സാമ്പത്തിക മായാജാലം കാണിച്ച് പൊതുജനത്തെ തെറ്റിധരിപ്പിക്കുകയാണെന്നാണ്  കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മ ആരോപിച്ചത്. 400 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് മുഴുവന്‍ തുക ഈടാക്കാനുള്ള എഎപി സര്‍ക്കാറിന്റെ നീക്കം അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 36.06 ലക്ഷം കുടുംബങ്ങള്‍ക്കു പ്രയോജനമുണ്ടാകുന്ന തീരുമാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നത്.
 
എന്നാല്‍ ഇതുമൂലം വര്‍ഷം 1670 കോടിയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക. ഈ ബാധ്യത് എങ്ങനെ മറികടക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹിയില്‍ വൈദ്യുതിയും വെള്ളവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയാണ് വിതരണം ചെയ്യുനത്. അതിനാല്‍ സര്‍ക്കാര്‍ തീരുമാനപ്രകാരം വൈദ്യുത വിതരണ കമ്പനികള്‍ക്കും ഡല്‍ഹി ജലബോര്‍ഡിനും ഉണ്ടാകുന്ന നഷ്ടം നികത്താന്‍ നിര്‍ദ്ദേശങ്ങളൊന്നും സര്‍കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക