നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 44 ദിവസം; ഇതുവരെ നടന്നത് 60 വിജ്ഞാപനങ്ങള്‍
വ്യാഴം, 22 ഡിസംബര്‍ 2016 (09:41 IST)
രാജ്യത്ത് നോട്ട് അസാധുവാക്കി 43 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ധനമന്ത്രാലയത്തിന് പുറത്തിറക്കേണ്ടി വന്നത് 60 വിജ്ഞാപനങ്ങള്‍. നവംബര്‍ എട്ടാം തിയതി അര്‍ദ്ധരാത്രി ആയിരുന്നു രാജ്യത്തെ 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപനം നടത്തിയത്.
തുടര്‍ന്ന് 4000 രൂപയ്ക്കുള്ള അസാധുനോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാമെന്നും ബാക്കി എത്ര തുകയുണ്ടെങ്കിലും ബാങ്കുകളില്‍ നിക്ഷേപിക്കാമെന്നും ആയിരുന്നു ആദ്യത്തെ വിജ്ഞാപനം. ഒപ്പം, എ ടി എമ്മില്‍ നിന്ന് പണം പിന്‍ വലിക്കുന്നതിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി, ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2000 രൂപയായി നിജപ്പെടുത്തി. ബാങ്കില്‍ നിന്ന് ആഴ്ചയില്‍ 20,000 രൂപ പിന്‍വലിക്കാമെന്നും ദിവസം പിന്‍വലിക്കാവുന്നത് 10, 000 രൂപയായും നിശ്ചയിച്ചു.
എന്നാല്‍, നവംബര്‍ 13 ആം തിയതി മാറ്റിയെടുക്കാവുന്ന അസാധുനോട്ടുകളുടെ പരിധി 4, 500 രൂപയാക്കി. എ ടി എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 ആക്കി. നവംബര്‍ 15ആം തിയതി പണം മാറ്റിയെത്താനെത്തുന്നവരുടെ കൈയില്‍ മഷി പുരട്ടാന്‍ നിര്‍ദ്ദേശിച്ചു. ഒന്നില്‍ കൂടുതല്‍ തവണ പണം മാറ്റിയെടുക്കുന്നത് തടയുന്നതിനു വേണ്ടിയായിരുന്നു ഇത്.
അതേസമയം, 17 ആം തിയതി മാറ്റിയെടുക്കാവുന്ന അസാധുനോട്ടിന്റെ പരിധി 2000 രൂപയായി കുറച്ചു. വിവാഹാവശ്യത്തിന് 2.5 ലക്ഷം രൂപ പിന്‍വലിക്കാമെന്നും വിജ്ഞാപനം പുറപ്പെടുവിച്ചു. നവംബര്‍ 24ന് അസാധുനോട്ട് മാറ്റിവാങ്ങുന്നതി നിര്‍ത്തലാക്കുകയും അക്കൌണ്ടുകളില്‍ നിക്ഷേപിക്കാമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തു.
അക്കൌണ്ടില്‍ പുതിയ നോട്ടുകള്‍ നിക്ഷേപിക്കുന്നവരുടെ പിന്‍വലിക്കല്‍ പരിധി ആര്‍ ബി ഐ ഇളവു ചെയ്തു. അല്ലാത്തവരുടേത് ആഴ്ചയില്‍ 24000 ആയി നിലനിര്‍ത്തി. ഡിസംബര്‍ 15ന്, അക്കൌണ്ടില്‍ രണ്ടു ലക്ഷത്തിലേറെ നവംബര്‍ എട്ടിനുശേഷം നിക്ഷേപിച്ചവര്‍ക്കും മൊത്തം നിക്ഷേപം അഞ്ചുലക്ഷം കവിഞ്ഞവര്‍ക്കും പാന്‍ കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനും കൈമാറാനും അനുമതി നിഷേധിച്ചു.
ഡിസംബര്‍ 19 ന് മുപ്പതിനകം ഒറ്റത്തവണ 5000 രൂപയിലധികം വരുന്ന അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് ആര്‍ ബി ഐ. എന്നാല്‍, ഡിസംബര്‍ 30 വരെ നോട്ടുകള്‍ നിക്ഷേപിക്കാമെന്ന പ്രഖ്യാപനത്തിന് എതിരാണ് ഇതെന്ന് വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനത്തെ തുടര്‍ന്ന് 21ന് പഴയ വിജ്ഞാപനം തിരുത്തി ആര്‍ ബി ഐ ഉത്തരവിറക്കി.